Bramayugam 
Entertainment News

ഭ്രമയുഗം ഹോളിവുഡ് വേദിയിലേക്ക്; ഫെബ്രുവരി 12ന് ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

2024-ൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ തിയേറ്ററുകളിലെത്തിയ 'ഭ്രമയുഗം' ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു

Entertainment Desk

മമ്മൂട്ടി നായകനായ 'ഭ്രമയുഗം' മലയാള സിനിമയ്ക്ക് അഭിമാനമാകുന്ന ഒരു നാഴികക്കല്ല് കൂടെ കുറിക്കുന്നു. ലോസ് ആഞ്ചലസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ 2026 ഫെബ്രുവരി 12ന് ചിത്രം പ്രദർശിപ്പിക്കും. 'Where the Forest Meets the Sea: Folklore from Around the World' എന്ന ഫോക്‌ലോർ ഹൊറർ ചലച്ചിത്ര പരമ്പരയിലാണ് 'ഭ്രമയുഗം' ഇടംനേടിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ കൂടിയാണിത്.

സംവിധായകൻ രാഹുൽ സദാശിവൻ സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. മിഡ്‌സോമ്മർ, ദി വിച്ച്, ദി വിക്കർ മാൻ, ഒനിബാബ, ഹാക്സൻ തുടങ്ങിയ ലോകപ്രശസ്ത ഫോക്‌ലോർ ഹൊറർ ചിത്രങ്ങൾക്കൊപ്പമാണ് 'ഭ്രമയുഗം' പ്രദർശിപ്പിക്കുന്നത്.

2024-ൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ തിയേറ്ററുകളിലെത്തിയ 'ഭ്രമയുഗം' ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ പ്രകടനം വ്യാപക ശ്രദ്ധ പിടിച്ചുപറ്റി. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 85 കോടിയോളം കളക്ഷൻ നേടി വൻ വിജയമായി മാറി. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടൻ (മമ്മൂട്ടി), മികച്ച സഹനടൻ (സിദ്ധാർത്ഥ് ഭരതൻ) തുടങ്ങി നാല് പുരസ്കാരങ്ങളും സ്വന്തമാക്കി.

English Summary: Mammootty’s Bhramayugam will be screened at LA’s Oscar Museum on February 12, the first Indian film in the folklore horror series.