സോഷ്യൽ മീഡിയയിൽ വർഷങ്ങളായി നാം കണ്ട് ചിരിച്ച ഒരു വീഡിയോയുണ്ട്. വിഷുക്കാലമായാൽ വാട്സാപ്പ് സ്റ്റിക്കറായും റീൽസായും നിറയുന്ന, പടക്കം പൊട്ടിക്കുന്നതിനിടയിൽ നെഞ്ചടിച്ച് വീഴുന്ന ഒരു മധ്യവയസ്കന്റെ വീഡിയോ. എന്നാൽ ആ ചിരിയെ കണ്ണീരാക്കി മാറ്റുകയാണ് 'വാഴ' എന്ന ചിത്രത്തിലൂടെ ബിജുക്കുട്ടൻ. ചിത്രത്തിലെ ഏറ്റവും വികാരാധീനമായ രംഗത്തെക്കുറിച്ച് ബിജുക്കുട്ടൻ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ബിജുക്കുട്ടന്റെ വാക്കുകൾ:
അടുത്ത വിഷുക്കാലത്ത് മലയാളികൾ ഇത് കണ്ട് ചിരിക്കുമോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല എന്ന് തന്നെയായിരിക്കും ഉത്തരം. എല്ലാ വിഷുവിനും സ്റ്റിക്കറായും വീഡിയോയായും വരാറുള്ള ആ പടക്കം പൊട്ടിക്കുന്ന രംഗം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴും അത് കോമഡി ആണെന്നാണ് ഞാൻ കരുതിയത്. പക്ഷേ സ്ക്രീനിൽ കണ്ടപ്പോഴാണ് അതിന്റെ ആഴം മനസ്സിലായത്. ആ പടക്കം പൊട്ടിക്കുന്ന സീനും, കുട്ടി ഓടിവന്നു കെട്ടിപ്പിടിക്കുന്ന സീനും രണ്ട് ദിവസങ്ങളിലായാണ് എടുത്തത്. പക്ഷേ എഡിറ്റിംഗിന്റെ മാജിക് വന്നപ്പോൾ അത് കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഒന്നായി മാറി.
ആ വൈറൽ വീഡിയോയിലെ വ്യക്തിയെക്കുറിച്ച് തനിക്കും വലിയ ആകാംക്ഷയുണ്ടെന്ന് ബിജുക്കുട്ടൻ പറയുന്നു. "പലരും എന്നെ വിളിച്ച് ആ ചേട്ടന്റെ നമ്പറോ വീടോ അറിയാമോ എന്ന് ചോദിക്കാറുണ്ട്. സത്യത്തിൽ എനിക്കും അദ്ദേഹത്തെ നേരിട്ട് അറിയില്ല. പുള്ളി ആ വീഴ്ചയിൽ നെഞ്ചടിച്ചാണ് വീഴുന്നത്, അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് തിരക്കി ഞങ്ങൾ ഇറങ്ങുന്നുണ്ട്. ഈ വിഷുവിന് അദ്ദേഹത്തെ എല്ലാവർക്കും മുന്നിൽ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വർഷങ്ങളായി ട്രോളുകളിലും തമാശകളിലും മാത്രം കണ്ട ഒരു മുഖത്തിന് പിന്നിലെ വേദനയെ 'വാഴ' എന്ന സിനിമയിലൂടെ ബിജുക്കുട്ടൻ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. ഈ വിഷുക്കാലത്ത് മലയാളികൾക്ക് ആ വീഡിയോ വെറുമൊരു തമാശയല്ല, മറിച്ച് ഹൃദയസ്പർശിയായ ഒരു സിനിമാനുഭവം കൂടിയാണ്.
English Summary: Biju Kuttan spoke about the emotional transformation of a viral firecracker video in the film Vaazha. What was once seen as comedy now evokes deep emotions on screen. He also expressed curiosity about the real person in the video and hopes to find him this Vishu.