Entertainment News

ഓസ്കർ അക്കാദമിയിൽ മമ്മൂട്ടിയും മലയാളവും; 'ഭ്രമയുഗം' പ്രദർശനം നാളെ

നാളെ രാത്രി 7.30-ന് ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിലെ ടെഡ് മാൻ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

Entertainment Desk

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഭ്രമയുഗം' നാളെ ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും. 'Where the Forest Meets the Sea' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് 'ഭ്രമയുഗം'. നാളെ രാത്രി 7.30-ന് ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിലെ ടെഡ് മാൻ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മികച്ച നിരൂപക പ്രശംസ നേടിയ, 'മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്' എന്ന് വിലയിരുത്തപ്പെടുന്ന ചിത്രം കൂടെയാണ് 'ഭ്രമയു​ഗം'.

'ഭ്രമയു​ഗ'മാണ് ഓസ്കർ അക്കാദമിയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സിനിമ. അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നവംബറിൽ തന്നെ സംവിധായകൻ രാഹുൽ സദാശിവൻ പ്രേക്ഷകരെ അറിയിച്ചിരുന്നു. സ്ക്രീനിം​ഗ് ചെയ്യുന്ന എല്ലാ സിനിമകളും കോർത്തിണക്കിയ വീഡിയോയും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. 'മിഡ്സോമ്മർ,' 'ഹാക്സൻ', 'ലാ ല്ലോറോണ,' 'ദി വിച്ച്,' 'വിയ്,' 'യു വോണ്ട് ബി എലോൺ,' 'അണ്ടർ ദി ഷാഡോ,' 'ദി വിക്കർ മാൻ,' 'ഹിസ് ഹൗസ്,' 'ഒനിബാബ,' എന്നിവയാണ് ഇതേ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. അക്കാദമി മ്യൂസിയത്തിൻറെ വെബ് സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപ്പന. 5 ഡോളർ മുതലാണ് (453 രൂപ) ടിക്കറ്റ് നിരക്ക്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ, 'ഭ്രമയു​ഗ'ത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വഭാവ നടൻ (സിദ്ധാർഥ് ഭരതൻ), പശ്ചാത്തല സംഗീതം (ക്രിസ്റ്റോ സേവ്യർ), മേക്കപ്പ് (റോണക്‌സ് സേവ്യർ) എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കൂടാതെ, ലെറ്റർ ബോക്സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ 'ഭ്രമയുഗം' രണ്ടാമതെത്തിയിരുന്നു. ഇതിനു പുറമെ, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്‌സിൽ 'ഭ്രമയു​ഗ'ത്തിന്റെ സൗണ്ട് ഡിസൈനിങ് പാഠ്യവിഷയമായി മാറി. ബ്ലാക് ആൻഡ് വൈറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണിത്.

'കൊടുമൺ പോറ്റി' എന്ന കഥാപാത്രത്തെയാണ് 'ഭ്രമയുഗ'ത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. 'ഭൂതകാലത്തി'നു ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ മിസ്റ്ററിയായി എത്തിയ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

English Summary: Mammootty’s Bramayugam, directed by Rahul Sadasivan, will be screened tomorrow at the Oscar Academy Museum in Los Angeles under the category “Where the Forest Meets the Sea.”