തെലുങ്ക് കോമഡി ചിത്രമായ 'ഹേ ഭഗവാന്' സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച് സെൻസർ ബോർഡ്. യുവതാരം സുഹാസ് നായകനാകുന്ന ചിത്രമാണിത്. പേരിലെ 'ഭഗവാൻ' എന്ന വാക്കാണ് ഇതിന് കാരണം എന്നായിരുന്നു വിശദ്ധീകരണം. ഒടുവിൽ സിനിമയുടെ പേര് 'ഹേ ബലവന്ത്' എന്നാക്കി പ്രശ്നം തീർപ്പാക്കിയിരിക്കുകയാണ് നിർമാതാക്കൾ.
ചിത്രത്തിന്റെ കോമഡി സ്വഭാവം പരിഗണിച്ച്, പേരിലെ 'ഭഗവാൻ' എന്ന വാക്ക് മതപരമായ വികാരം വ്രണപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് സെൻസർ ബോർഡ് ഉന്നയിച്ചത്. ഈ പേര് വിവാദങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ ഇടയാക്കിയേക്കാമെന്നും വിലയിരുത്തലുണ്ടായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മൂലമാണ് ചിത്രത്തിന്റെ പേരുമാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.
ഈ മാസം 20-നാണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് വെറും നാലു ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഈ തീരുമാനം എന്നതിനാൽ തന്നെ, സെൻസർ ബോർഡിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. പേര് മാറ്റിയെങ്കിലും ചിത്രത്തിന് ഒരു മാറ്റവുമില്ല എന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നവാഗതനായ ഗോപി അച്ചരയാണ് 'ഹേ ബലവന്ത്' സംവിധാനം ചെയ്യുന്നത്. സിനിമയിൽ വിവാദപരമായ വിഷയങ്ങൾ ഒന്നും തന്നെയില്ലെന്ന് സംവിധായകൻ ഉറപ്പ് നൽകിയിട്ടുണ്ട്.
English Summary: The Telugu comedy film 'Hey Bhagwan' was denied certification by the CBFC for using the word “Bhagwan” in its title, which the board felt could hurt religious sentiments.