ഹൈദരാബാദ്: സാമൂഹ്യ പ്രവർത്തനങ്ങളിൽ തമിഴ് നടൻ സൂര്യ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് സൂപ്പർ താരം ചിരഞ്ജീവി. സൂര്യയുടെ നേതൃത്വത്തിലുള്ള 'അഗരം ഫൗണ്ടേഷൻ' മാതൃകയാക്കി അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് ചിരഞ്ജീവി പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വർഷത്തിലേറെയായി അഗരം ഫൗണ്ടേഷനിലൂടെ ആയിരക്കണക്കിന് കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്ന സൂര്യയുടെ പ്രവർത്തനങ്ങൾ തമിഴ്നാട്ടിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ, തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് ചിരഞ്ജീവിയാണെന്ന് സൂര്യ പറഞ്ഞിരുന്നു. വർഷങ്ങളായി ചിരഞ്ജീവി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടത്തുന്ന രക്തദാന, നേത്രദാന പ്രവർത്തനങ്ങളെ സൂര്യ പ്രശംസിക്കുകയും ചെയ്തു.ഇതിന് മറുപടിയായാണ് താൻ ഇപ്പോൾ സൂര്യയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയാണെന്ന് ചിരഞ്ജീവി വ്യക്തമാക്കിയത്.
"എന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൂര്യ അഗരം ഫൗണ്ടേഷൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ സൂര്യയുടെ പ്രവർത്തനങ്ങൾ കണ്ട് ഞാൻ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയാണ്. അഗരം ഫൗണ്ടേഷൻ ചെയ്യുന്നത് പോലെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഒരു പദ്ധതിക്ക് ഞാൻ ഉടൻ തുടക്കം കുറിക്കും."
തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രമല്ല, സഹായം ആവശ്യമുള്ള മറ്റ് ഇടങ്ങളിലേക്കും ഈ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കാനാണ് ചിരഞ്ജീവി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂർണ്ണരൂപവും ലോഗോയും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ ഉറപ്പുനൽകി
English Summary: Telugu superstar Chiranjeevi has praised Tamil actor Suriya for his impactful social work through the Agaram Foundation. Inspired by Suriya’s efforts, Chiranjeevi has announced a new initiative to provide free education to underprivileged students across regions.