യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ന്റെ ടീസർ പുറത്തിറങ്ങി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ നൽകുന്ന സൂചനകൾ പ്രകാരം ഫാന്റസി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, ‘കോസ്മിക് സാംസൺ’ ഒരു സൂപ്പർഹീറോ ചിത്രമാണ് എന്ന പ്രതീക്ഷയും ടീസർ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് ‘കോസ്മിക് സാംസൺ’ രചനയും സംവിധാനവും നിർവഹിക്കുന്നത്. അഭികേർഷ് വസന്താണ് സഹരചയിതാവ്. ബിനോ ടി എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും. ടീസർ മുന്നോട്ടുവയ്ക്കുന്ന ഫാന്റസി ഘടകങ്ങൾ ‘കോസ്മിക് സാംസൺ’ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിപ്പിച്ചിരിക്കുകയാണ്.
സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് പരിചയപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലമോ കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകളോ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ടീസർ നൽകുന്ന സൂചനകൾ പ്രകാരം ‘കോസ്മിക് സാംസൺ’ ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും.
മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങളും പരീക്ഷണാത്മകമായ അവതരണവുമായി ശ്രദ്ധ നേടിയിട്ടുള്ള നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ‘മിന്നൽ മുരളി’, ‘ആർ ഡി എക്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച ബാനറിൽ നിന്നുള്ള പുതിയ ചിത്രമാണ് ‘കോസ്മിക് സാംസൺ’. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും ‘കോസ്മിക് സാംസണി’നുണ്ട്.
സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.
Cosmic Samson, starring Sandeep Pradeep, has released its intriguing teaser, hinting at a fantasy world and possible superhero elements. Directed by Abhijith Joseph, the film is produced by Weekend Blockbusters and D Group. Featuring an ensemble cast and action by Vlad Rimburg, the multilingual film is expected to release this year.