മമ്മൂട്ടിയുടെ അഭിനയമികവിനെയും വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തി നടൻ ധനുഷ്. പുതിയ ചിത്രം ‘ഓം’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പമുള്ള അഭിനയാനുഭവങ്ങൾ ധനുഷ് പങ്കുവെച്ചത്. ചിത്രത്തിൽ അഞ്ച് പ്രധാന നായക കഥാപാത്രങ്ങളുണ്ടെന്നും അതിൽ ഒന്നാമൻ മമ്മൂട്ടിയാണെന്നും പറഞ്ഞ താരം, അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയശൈലിയും അനായാസമായ സ്ക്രീൻ സാന്നിധ്യവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
2002-ൽ പുറത്തിറങ്ങിയ ‘കാതൽ കൊണ്ടേൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് മുതിർന്ന നടൻ നാഗേഷ് നൽകിയ ഉപദേശമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് തുണയായതെന്നും ധനുഷ് ഓർത്തെടുത്തു. ഒരു നടന്റെ അഭിനയം പ്രേക്ഷകർക്ക് പ്രകടനമായി തോന്നരുതെന്നും കഥാപാത്രമായി സ്വാഭാവികമായി മാറാനാകുന്നവരാണ് മികച്ച അഭിനേതാക്കളെന്നുമായിരുന്നു നാഗേഷ് അന്ന് പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ആ വാക്കുകളുടെ പ്രസക്തി വീണ്ടും തിരിച്ചറിഞ്ഞെന്നും താരം പറഞ്ഞു.
മമ്മൂട്ടി സെറ്റിലെത്തുന്നതോ സംഭാഷണങ്ങൾ പറയുന്നതോ അഭിനയിക്കുന്നതോ ഒന്നും പ്രത്യേകം ശ്രദ്ധയിൽപ്പെടാത്ത വിധമാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നും ധനുഷ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആദ്യ ദിവസം മുതൽ അദ്ദേഹത്തിനൊപ്പമുള്ള രംഗങ്ങളിൽ താൻ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഓരോ സീനിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ എത്തിയതെന്നും ധനുഷ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കരിസ്മയും പ്രഭാവലയവും സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നും കൃത്രിമമായി സൃഷ്ടിക്കാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വ്യക്തിത്വത്തോടുള്ള ആരാധനയും ധനുഷ് തുറന്നുപറഞ്ഞു. മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ആശങ്കയില്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നതാണ് അദ്ദേഹത്തിൽ തന്നെ ഏറ്റവും ആകർഷിച്ച കാര്യം. ഒരു പരിപാടിയിൽ ഇരിക്കുമ്പോൾ മടുപ്പ് തോന്നിയാൽ പോലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ ഫോൺ നോക്കിയിരിക്കാനുള്ള ആ സ്വാതന്ത്ര്യവും ആത്മവിശ്വാസവും വലിയ ധൈര്യം ആവശ്യപ്പെടുന്നതാണെന്ന് ധനുഷ് പറഞ്ഞു. തനിക്കും അത്തരത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ ബാലു മഹേന്ദ്രയുമായുള്ള സംഭാഷണങ്ങളും ധനുഷ് വേദിയിൽ ഓർത്തെടുത്തു. മമ്മൂട്ടിയെക്കുറിച്ച് ബാലു മഹേന്ദ്ര ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ‘യാത്ര’ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ മകൻ യാത്രയുടെ പേരിന് പ്രചോദനമായതും ആ ചിത്രത്തിന്റെ പേരാണെന്ന് ധനുഷ് വെളിപ്പെടുത്തി.
ലൊക്കേഷനിൽ മമ്മൂട്ടിയുണ്ടെന്ന് അറിയുമ്പോൾ വലിയ സന്തോഷത്തോടെയാണ് താൻ എത്താറുള്ളതെന്നും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും ധനുഷ് പറഞ്ഞു. സൂപ്പർതാരപദവിയിലെത്തിയ ശേഷം സുരക്ഷിതമായ കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാതെ പ്രേക്ഷകർ എളുപ്പത്തിൽ സ്വീകരിക്കണമെന്നില്ലാത്ത വ്യത്യസ്ത വേഷങ്ങൾ ഏറ്റെടുക്കാൻ മമ്മൂട്ടി കാണിക്കുന്ന ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. സിനിമയിൽ അഭിനയിച്ച് മടങ്ങുന്നതിൽ ഒതുങ്ങാതെ പ്രചാരണ പരിപാടികൾക്കായി വിവിധ നഗരങ്ങളിലെത്തുകയും ടീമിന് പിന്തുണ നൽകുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ആത്മാർഥതയ്ക്കും ധനുഷ് നന്ദി അറിയിച്ചു.
ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഓം’. ‘ഓപ്പറേഷൻ മോൾ’ എന്നതിന്റെ ചുരുക്കപ്പേരായ ‘ഓം’ സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമിയാണ്. സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പ്രചാരണവേദിയിൽ ധനുഷ് പങ്കുവെച്ച വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
Actor Dhanush praises Mammootty’s natural acting, effortless screen presence and confidence at the promotional event of O.M. Recalling advice from veteran actor Nagesh, Dhanush explains how it helped him while working with Mammootty. He also admires the Malayalam superstar’s bold choice of unconventional roles and wholehearted support for films.