അടുത്തിടെ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് ഉയർന്നുവന്ന വിമർശനങ്ങളിലും ചർച്ചകളിലും ആദ്യമായി പ്രതികരിച്ച് നടൻ ധ്രുവ് വിക്രം. ഇന്ത്യ ടുഡേ തമിഴ് റൗണ്ട് ടേബിളിൽ സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും ചോദ്യങ്ങളെയും എങ്ങനെ നേരിടുന്നുവെന്ന് ധ്രുവ് വ്യക്തമാക്കിയത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നടന്റെ പ്രതികരണം. "സത്യസന്ധമായി പറഞ്ഞാൽ, ഈ കാര്യങ്ങളൊന്നും എന്നെ ബാധിച്ചിട്ടേയില്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ യാഥാർത്ഥ്യബോധത്തോടെ നിലകൊള്ളേണ്ടത് പ്രധാനമാണ്. നമ്മൾ ആരാണെന്നും നമ്മുടെ നിലപാടുകൾ എന്താണെന്നും കൃത്യമായി തിരിച്ചറിയണം. ഒപ്പം, നമ്മൾ സ്നേഹിക്കുന്നവരെയും നമുക്ക് പ്രിയപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കാൻ പഠിക്കണം"- ധ്രുവ് പറഞ്ഞു.
സത്യത്തിനൊപ്പം നിൽക്കുമ്പോൾ ഇത്തരം വിമർശനങ്ങൾ ഒരു പരിധി വരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നും ധ്രുവ് പറഞ്ഞു. "നമ്മൾ സത്യത്തിനൊപ്പം നിൽക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ, ഇത്തരം വിമർശനങ്ങൾ ഒരു പരിധി വരെ മാത്രമേ ബാധിക്കൂ. ഒരു സൈന്യത്തെപ്പോലെ ഒറ്റയ്ക്ക് നിൽക്കാൻ നമ്മൾ നമ്മെളെ തന്നെ സജ്ജമാക്കും. നമ്മുടേതായ ഒരു ലോകം ഉണ്ടാക്കിയെടുത്ത്, അതിനെ പരമാവധി സംരക്ഷിച്ചു നിർത്തുകയാണ് വേണ്ടത്."
ഇൻസ്റ്റാഗ്രാമിൽ വളരെ അപൂർവ്വമായി മാത്രം പോസ്റ്റുകൾ ചെയ്യുന്നതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും ധ്രുവ് മറുപടി നൽകി. തനിക്ക് ഒരു പ്രൈവറ്റ് അക്കൗണ്ട് ഉണ്ടോ എന്ന് ആരാധകർക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്ന് ഒരു ചിരിയോടെ ധ്രുവ് പറയുന്നു. സോഷ്യൽ മീഡിയയിലെ തന്റെ ഈ അസാന്നിധ്യം മുൻകൂട്ടി തീരുമാനിച്ച ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഫോട്ടോകളും വീഡിയോകളും എടുക്കാനും അതൊക്കെ പാട്ടുകൾ ചേർത്ത് എഡിറ്റ് ചെയ്യാനും എനിക്ക് വലിയ ഇഷ്ടമാണ്. അച്ഛന്റെയും അനന്തരവളുടെയും വളർത്തുമൃഗങ്ങളുടെയുമൊക്കെ വീഡിയോകൾ ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും ഞാൻ അതൊന്നും പോസ്റ്റ് ചെയ്യാറില്ല. സിനിമകളുടെ പ്രൊമോഷൻ സമയത്ത് മാത്രമേ ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ളൂ. മറ്റ് സമയങ്ങളിൽ പുസ്തകവായനയിലും സംഗീതത്തിലുമാണ് എന്റെ ശ്രദ്ധ. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഞാൻ ബോധപൂർവ്വം തീരുമാനിച്ച ഒരു കാര്യമല്ല,"- ധ്രുവ് പറഞ്ഞു.
തന്റെ മുൻ പ്രണയബന്ധത്തിൽ നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. സ്നേഹം നടിച്ച് അടുക്കുകയും പിന്നീട് ക്രൂരമായി പെരുമാറുകയും ചെയ്യുന്ന കാമുകന്റെ രീതികളെ 'അന്യൻ' സിനിമയിലെ കഥാപാത്രത്തോടാണ് അനുപമ താരതമ്യം ചെയ്തത്. ആ രണ്ട് വർഷക്കാലം തന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ഈ വ്യക്തി നടൻ ധ്രുവ് വിക്രം ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധ്രുവിന്റെ പ്രതികരണം.
Actor Dhruv Vikram has addressed the intense public scrutiny surrounding his personal life following recent comments made by his Bison Kaalamaadan co-star, Anupama Parameswaran. In an interview, Anupama opened up about enduring emotional and mental abuse in a past two-year relationship with an unnamed partner, leading to wide speculation on social media. Speaking at a recent roundtable, Dhruv admitted that the scrutiny has affected him, but emphasized the importance of staying grounded in truth and protecting loved ones. He also clarified his low profile on social media, stating that his absence is not intentional and that he prefers focusing on personal interests like reading and music during his downtime.