Entertainment News

'വയലൻസ് കുറയ്ക്കണം'; 'ധുരന്ധർ 2' ന് 21 കട്ട് നിർദ്ദേശിച്ച് സെൻസർ ബോർഡ്

സിനിമയിൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കുന്നതിനായി സെൻസർ ബോർഡിന് മുൻപാകെ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

Madism Desk

രൺവീർ സിംഗ് നായകനായ ധുരന്ധർ: ദ റിവഞ്ച് ചിത്രത്തിന് 21 കട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ്. അക്രമരംഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രധാന രംഗങ്ങളിൽ തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം ആറു മിനിറ്റോളം ദൈർഘ്യമുള്ള ഭാഗങ്ങൾ നീക്കം ചെയ്തതോടെ ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 49 മിനിറ്റായി കുറഞ്ഞു. യുകെയിൽ കൂടുതൽ ദൈർഘ്യമുള്ള പതിപ്പാണ് പ്രദർശിപ്പിക്കുക. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്.

ചിത്രത്തിലെ അക്രമ രംഗങ്ങളിലാണ് പ്രധാനമായും ഇടപെടൽ ഉണ്ടായത്. അതിക്രൂരമായ ചില ദൃശ്യങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും ചില രംഗങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സബ്‌ടൈറ്റിലുകളിൽ നൽകിയിരുന്ന നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികളിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്ന ടെക്സ്റ്റിൽ 'ലാഹോർ' എന്നതിന് പകരം 'ഡൽഹി' എന്നും മാറ്റിയിട്ടുണ്ട്. സിനിമയിൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കുന്നതിനായി സെൻസർ ബോർഡിന് മുൻപാകെ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 'ധുരന്ധർ' ആദ്യ ഭാഗം ഒടിടിയിൽ എത്തിയപ്പോൾ പല സംഭാഷണങ്ങളും മ്യൂട്ട് ചെയ്തതിലും ദൃശ്യങ്ങൾ കട്ട് ചെയ്തതിലും ആരാധകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിലും സെൻസറിങ് ശക്തമായത് ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ചിത്രത്തിന്റെ പെയ്‌ഡ് പ്രിവ്യൂ പ്രദർശനങ്ങൾ ഇന്ന് നടക്കും. നാളെയാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്.

English Summary: Ranveer Singh’s Dhurandhar: The Revenge faces 21 cuts by the Censor Board, mainly reducing violent scenes, trimming about six minutes and earning an ‘A’ certificate