രൺവീർ സിങ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ധുരന്ധർ: ദി റിവഞ്ച്’ മാർച്ച് 19-ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ആദ്യഭാഗമായ ‘ധുരന്ധർ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 500 സ്ക്രീനുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം 185 സ്‌ക്രീനുകളിലായി ചിത്രം തിയേറ്ററുകളിലേക്ക് എത്തും.
രണ്ടാം ഭാഗമായ ‘ധുരന്ധർ: ദി റിവഞ്ച്’ റിലീസിന് മുമ്പ് അമേരിക്കയിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകളും സംഘടിപ്പിക്കും. വിപുലമായ സ്ക്രീനുകളും ആധുനിക ശബ്ദ സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊള്ളുന്ന പ്രീമിയം ഫോർമാറ്റ് തിയേറ്ററുകളിലാണ് ധുരന്ധറിന്റെ പ്രദർശനം നടക്കുക. ഇതിനോടകം തന്നെ ടിക്കറ്റുകൾ നല്ല രീതിയിൽ വിറ്റുപോയി എന്നാണ് റിപ്പോർട്ടുകൾ.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും ആദിത്യ ധർ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലുമായി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് പദ്ധതി.
English Summary: The first part of Ranveer Singh's action thriller Dhuranthar is returning to theaters worldwide ahead of the March 19 release of Dhuranthar: The Revenge. The re-release will screen on around 500 screens globally, including 185 in North America, with premium formats and advanced sound systems