Entertainment News

മഹാനായ ആ മനുഷ്യാവകാശ പ്രവര്‍ത്തകനോടുള്ള ആദരം; 'സത്ലജ്' സിനിമയ്ക്കായി ദില്‍ജിത് വാങ്ങിയത് ഒരു രൂപ

'തിരക്കഥ വായിച്ച ശേഷം കസേരയില്‍ നിന്ന് എഴുന്നേറ്റ ദില്‍ജിത്, ആ സ്‌ക്രിപ്റ്റ് നെറ്റിയില്‍ തൊട്ട് 'വാഹേഗുരു' എന്ന് പ്രാര്‍ത്ഥിച്ചു'.

Entertainment Desk

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'സത്ലജ്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടനും ഗായകനുമായ ദില്‍ജിത് ദോസഞ്ച് വാങ്ങിയത് വെറും ഒരു രൂപ മാത്രമാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഹണി ട്രെഹാന്‍. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടിയ ഒരു മഹദ്വ്യക്തിത്വത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പണം വാങ്ങുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞാണ് താരം പ്രതിഫലം നിരസിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

30 മിനിറ്റ് നീണ്ട കൂടിക്കാഴ്ച

വെറും 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ദില്‍ജിത് പ്രതിഫലം സ്വീകരിക്കാതെ സിനിമ ചെയ്യാന്‍ തയ്യാറായി എന്ന് ഹണി ട്രെഹാന്‍ പറഞ്ഞു. 2021-ലാണ് ചിത്രത്തിന്റെ തിരക്കഥയും ഗവേഷണ രേഖകളുമായി താന്‍ ദില്‍ജിതിനെ കാണാന്‍ പോയതെന്ന് ഹണി ട്രെഹാന്‍ പറഞ്ഞു. 'തിരക്കഥ വായിച്ച ശേഷം കസേരയില്‍ നിന്ന് എഴുന്നേറ്റ ദില്‍ജിത്, ആ സ്‌ക്രിപ്റ്റ് നെറ്റിയില്‍ തൊട്ട് 'വാഹേഗുരു' എന്ന് പ്രാര്‍ത്ഥിച്ചു. ഖല്‍റയെപ്പോലെയുള്ള ഒരാളെ അവതരിപ്പിക്കാന്‍ ഞാന്‍ എങ്ങനെ പണം വാങ്ങും? അത് ലജ്ജാകരമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കരാര്‍ ഒപ്പിടുന്നതിന് സാങ്കേതികമായി തുക രേഖപ്പെടുത്തണം എന്ന് ഞാന്‍ നിര്‍ബന്ധിച്ചപ്പോഴാണ്, എങ്കില്‍ ഒരു രൂപ പ്രതിഫലം എഴുതിക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞത്', ഹണി ട്രെഹാന്‍ വ്യക്തമാക്കി.

ദില്‍ജിത് ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിന്റെ പശ്ചാത്തലവും വേദനയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സര്‍ദാര്‍ തന്നെ ഈ വേഷം ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ബോളിവുഡിലെ ഏതെങ്കിലും ഒരു നടനെ ഈ വേഷം ഏല്‍പ്പിച്ചാല്‍, അതൊരു താരം സര്‍ദാര്‍ വേഷം കെട്ടുന്നതായി മാത്രം ഒതുങ്ങിപ്പോകുമായിരുന്നുവെന്നും അത് ഖല്‍റ സാഹിബിന്റെ യാത്രയോടും ജനങ്ങളോടും ചെയ്യുന്ന അനീതിയാകുമായിരുന്നുവെന്നും ഹണി ട്രെഹാന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളും ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നുള്ള നിരോധനവും

റിലീസിന് പിന്നാലെ വലിയ പ്രതിസന്ധികളാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. 'പഞ്ചാബ് 95' എന്നായിരുന്നു സിനിമയ്ക്ക് ആദ്യം നല്‍കിയിരുന്ന പേര്. ചിത്രത്തിന് 127 കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. 2023-ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ അധികൃതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് റദ്ദാക്കി. വലിയ പരസ്യങ്ങളൊന്നുമില്ലാതെ ജൂലൈ മൂന്നിന് ഒടിടി പ്ലാറ്റ്ഫോമായ സീ 5- ലൂടെ ചിത്രം റിലീസ് ചെയ്തു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയതോടെ, റിലീസ് ചെയ്ത് 48 മണിക്കൂറിനകം ഇന്ത്യയില്‍ ചിത്രം ബ്ലോക്ക് ചെയ്യപ്പെടുകയും പിന്നീട് സീ 5-ന്റെ ആഗോള ലൈബ്രറിയില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്യുകയും ചെയ്തു.

ചിത്രത്തിന്റെ ഐഎംഡിബി റേറ്റിങ്ങും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ തീവ്രവാദ കാലഘട്ടത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്കും നിയമവിരുദ്ധമായ കൂട്ട സംസ്‌കാരങ്ങള്‍ക്കുമെതിരെ ജസ്വന്ത് സിങ് ഖല്‍റ നടത്തിയ പോരാട്ടമാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.

കോടതിയിലേക്ക് നീങ്ങുന്ന നിയമപോരാട്ടം

യാതൊരുവിധ ഔദ്യോഗിക ഉത്തരവുകളുമില്ലാതെ ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സിനിമ ഒടിടിയില്‍ പുനസ്ഥാപിക്കണമെന്നും അത് നീക്കം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ചിത്രം ഒടിടിയില്‍ നിന്ന് പിന്‍വലിക്കപ്പെടുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദില്‍ജിത് ദോസഞ്ച് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ പ്രതികരിച്ചിരുന്നു. സിനിമ കാണാത്തവര്‍ക്ക് അത് കാണിച്ചുകൊടുക്കാന്‍ അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു. മരണം വരെ താന്‍ പഞ്ചാബിനൊപ്പം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ രാംപാല്‍, കന്‍വല്‍ജീത് സിങ്, സുവീന്ദര്‍ വിക്കി, ഗീതിക വിദ്യ ഒഹ്ല്യാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Director Honey Trehan has revealed that actor-singer Diljit Dosanjh accepted only Re 1 to portray human rights activist Jaswant Singh Khalra in Satluj. According to Trehan, Diljit refused a regular fee, saying it would be shameful to take money for portraying a man who fought against injustice. The filmmaker recalled that after reading the script, Diljit touched it to his forehead, offered a prayer, and agreed to do the film for a token amount. The film, based on Khalra's campaign against alleged fake encounters and illegal cremations in Punjab, has been surrounded by controversy. It reportedly faced censorship issues, was briefly released on Zee5 before being removed, and is now at the centre of a legal battle over its withdrawal from the streaming platform.