Entertainment News

ആദ്യവാരത്തിൽ കന്നഡ പതിപ്പിന് 1 കോടിക്ക് മുകളിൽ കളക്ഷൻ; പുതിയ റെക്കോർഡിട്ട് 'ദൃശ്യം 3' യുടെ കുതിപ്പ്

ദൃശ്യം 3 കന്നഡ പതിപ്പ് ആദ്യവാരത്തിൽ 1 കോടി; മലയാള സിനിമയ്ക്ക് പുതിയ റെക്കോർഡ്

Entertainment Desk

കൂടെ മത്സരിക്കാൻ ഒരു പോലുമില്ലാത്ത വിധം ബോക്‌സ് ഓഫീസില്‍ മുന്നേറ്റം തുടരുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' പുതിയ റെക്കോർഡ് നേട്ടത്തിൽ. പാൻ ഇന്ത്യൻ തലത്തിൽ നിരവധി ആരാധകരുള്ള ക്രൈം-ത്രില്ലർ ഡ്രാമ ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇത്തവണ മലയാളത്തിനൊപ്പം കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകളും തിയറ്ററുകളില്‍ എത്തിയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

റിലീസ് ചെയ്ത ആദ്യം വാരത്തിൽ തന്നെ 200 കോടിയെന്ന നേട്ടം സ്വന്തമാക്കിയ ചിത്രത്തിന് കര്‍ണാടകയിലും ശ്രദ്ധേയ നേട്ടമാണ് ലഭിക്കുന്നത്. റിലീസിന്റെ ആദ്യവാരത്തില്‍ മാത്രം ചിത്രത്തിന്റെ കന്നഡ പതിപ്പ് നേടിയത് 1.18 കോടി രൂപയാണ്. ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നത് ഇതാദ്യമായാണ്. അതേസമയം കന്നഡ പതിപ്പ് നേടിയതിന്റെ നിരവധി മടങ്ങ് അധികമാണ് മലയാളം പതിപ്പ് കര്‍ണാടകത്തില്‍ നിന്ന് നേടിയതെന്നാണ് ട്രക്കർമാർ പറയുന്നത്. ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകളിലൂടെ കർണാടകയിൽ നിന്നും ഇതുവരെ നേടിയത് 12.31 കോടിയാണ്.

നിലവിൽ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ‘ദൃശ്യം 3’. ‘മഞ്ഞുമ്മല്‍ ബോയ്സ്’ (15.83 കോടി), ‘ലോക’ (14.80 കോടി), ‘എമ്പുരാന്‍’ (12.70 കോടി) എന്നിവയാണ് മുൻപിലുള്ള മറ്റു ചിത്രങ്ങള്‍. ആഗോള ബോക്‌സ് ഓഫീസിലും കുതിപ്പ് തുടരുന്ന ചിത്രം മോഹന്‍ലാലിന്റെ മൂന്നാമത്തെ 200 കോടി ക്ലബ് എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

English Summary: Drishyam 3 continues its record-breaking run, with its Kannada version crossing ₹1 crore in the first week—a first for a Malayalam film—while the film also surpasses ₹200 crore globally.