Entertainment News

'കേരള പൊലീസ് ജോര്‍ജ്ജുകുട്ടിയെ എന്‍കൗണ്ടര്‍ ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കണം': 'ദൃശ്യം 4' പ്രഖ്യാപനത്തിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

മറ്റൊരാള്‍ കേരള പൊലീസ്, മോഹന്‍ലാല്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്, 'ആ പയ്യനെ കൊന്നത് ഞാനാണ്, ദയവായി എന്നെ അറസ്റ്റ് ചെയ്യൂ.'

Entertainment Desk

മോഹന്‍ലാലിന്റെ 'ദൃശ്യം 4' പ്രഖ്യാപനത്തിന് പിന്നാലെ ജോര്‍ജ്ജുകുട്ടിയെയും കുടുംബത്തെയും ട്രോളി സോഷ്യല്‍ മീഡിയ. ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നിരുന്നാലും വരുണിനെ കൊന്ന കേസ് നീണ്ടുപോകുന്നതും ഇതേ ആശയത്തില്‍ വീണ്ടുമൊരു സിനിമകൂടി വരുന്നതും ആരാധകര്‍ക്ക് അത്രപിടിച്ചിട്ടില്ല. എല്ലാവരും ചേര്‍ന്നങ്ങോട്ട് കുറ്റം സമ്മതിച്ച് അറസ്റ്റ് വരിച്ചാല്‍ ഈ ഫ്രാഞ്ചൈസിക്ക് ഒരു അവസാനമുണ്ടാകില്ലേ എന്നാണ് ചിലരുടെ തമാശ രൂപത്തിലുള്ള ചോദ്യം.

സിനിമകളെയും ക്രൈം ത്രില്ലറുകളെയും കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച് വരുണ്‍ പ്രഭാകര്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ നിന്ന് സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്ജുകുട്ടി ഒരുക്കുന്ന വ്യാജ തെളിവുകളും സംഭവവികാസങ്ങളുമാണ് ദൃശ്യം സിനിമകളുടെ ഇതിവൃത്തം. ട്രോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കേസ് ഇത്രയും കാലമായിട്ടും തെളിയാത്തതില്‍ പ്രതിഷേധിച്ച് വരുണിന്റെ അസ്ഥികൂടം ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തോട് സംസാരിക്കുന്ന രീതിയിലുള്ള ചിത്രീകരണമായിരുന്നു. മറ്റൊരാള്‍ കേരള പൊലീസ്, മോഹന്‍ലാല്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്, 'ആ പയ്യനെ കൊന്നത് ഞാനാണ്, ദയവായി എന്നെ അറസ്റ്റ് ചെയ്യൂ.'

അതേസമയം, ഹിന്ദി റീമേക്കിലെ അജയ് ദേവ്ഗണിന്റെ സാന്നിധ്യത്തെ മുന്‍നിര്‍ത്തി 'പ്രധാനമന്ത്രി അജയ് ദേവ്ഗണ്‍ തൊഴില്‍ പദ്ധതി' എന്നാണ് മറ്റൊരാള്‍ സിനിമയെ വിശേഷിപ്പിച്ചത്. 'ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടെ ബ്രോ,' എന്ന് വേറൊരാള്‍ കുറിച്ചപ്പോള്‍, 'ഞാന്‍ ഇതുവരെ വ്യാജ ഏറ്റുമുട്ടലുകളെ പിന്തുണച്ചിട്ടില്ല, പക്ഷേ കേരള പൊലീസ് ജോര്‍ജ്ജുകുട്ടിയെ എന്‍കൗണ്ടര്‍ ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കണം' എന്നായിരുന്നു മറ്റൊരു പ്രതികരണം. എന്നാല്‍ വരുണിന്റെ വിധിയെക്കുറിച്ചായിരുന്നു വേറൊരു ട്രോള്‍. 'കൊല്ലപ്പെട്ടു എന്നതല്ല വരുണിന് ലഭിച്ച ശിക്ഷ, മറിച്ച് ജോര്‍ജ്ജുകുട്ടിയും ജീത്തു ജോസഫും ചേര്‍ന്ന് നിത്യവും തന്നെ ഇങ്ങനെ പീഡിപ്പിക്കുന്നതാണ്!'.

കഴിഞ്ഞ ദിവസമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ 'ദൃശ്യം 4' പ്രഖ്യാപിച്ചത്. മഴവില്‍ മനോരമ എന്റര്‍ടെയിന്റ്മെന്റ് അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ മെയ് 21-ന് തിേറ്ററുകളിലെത്തിയ 'ദൃശ്യം 3' ന് സമ്മിശ്രപ്രതികരണമായിരുന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏകദേശം 240 കോടി രൂപയിലധികം ചിത്രം നേടി. റിലീസ് ചെയ്ത് 58 മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചു.

ഓരോ ഭാഗം കഴിയുമ്പോഴും അടുത്തതിനെക്കുറിച്ച് ചിന്തിക്കാന്‍ ആന്റണി പെരുമ്പാവൂരും സംഘവും നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് 'ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. കഥയെക്കുറിച്ച് തുടര്‍ന്നും ചിന്തിക്കാനാണ് അവര്‍ പറയാറുള്ളത്. ഒന്നാം ഭാഗത്തിന് ശേഷം രണ്ടാമത്തേതിനെക്കുറിച്ചും, രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ മൂന്നാം ഭാഗത്തെക്കുറിച്ചും ആന്റണി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് നാലാം ഭാഗത്തെക്കുറിച്ച് ആലോചിക്കണം എന്നാണെന്നും ജീത്തു പറഞ്ഞിരുന്നു. എന്നാല്‍ ബോക്സ് ഓഫീസ് വിജയം മാത്രം മുന്നില്‍ക്കണ്ട് തിരക്കിട്ട് മറ്റൊരു ഭാഗം കൂടി ചെയ്യാന്‍ താന്‍ തയാറല്ലെന്നും ജോര്‍ജുകുട്ടിയുടെയും മറ്റ് കഥാപാത്രങ്ങളുടെയും യാത്ര അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ കൃത്യമായ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

The announcement of Mohanlal’s Drishyam 4 has triggered a wave of hilarious reactions and trolling on social media. While fans are excited to see Mohanlal return as Georgekutty, many joked that the long-running case surrounding Varun Prabhakar’s death should finally come to an end. Some users humorously suggested that Georgekutty and his family should simply confess so that the franchise can finally conclude. Several memes focused on Varun’s fate and the fact that the murder case has remained unresolved through multiple films. Others joked about the continuing expansion of the Drishyam franchise and compared its longevity with other film series.