Entertainment News

'​I AM GAME'ലെ യഥാർഥ ഹീറോ എന്റെ മച്ചാൻ, പെപ്പെയാണ്'; ദുൽഖർ സൽമാൻ

ചിത്രത്തെക്കുറിച്ചുള്ള നിരവധി ഫാൻ തിയറികളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Entertainment Desk

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ സെപ്റ്റംബർ മൂന്നിന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് മ്യൂസിക് ലോഞ്ച് ചടങ്ങിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലെ യഥാർഥ ഹീറോ ആന്റണി വർഗീസ് പെപ്പെയാണെന്ന താരത്തിന്റെ പരാമർശത്തിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള നിരവധി ഫാൻ തിയറികളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“ശരിക്കും ഞങ്ങളുടെ ‘ഐ ആം ഗെയിം’ലെ ഹീറോ പെപ്പെയാണ്. എന്റെ മച്ചാനാണ്. ഞാൻ വിളിച്ചപ്പോൾ ഓടിവന്ന് അഭിനയിച്ച ആളാണ്. ഒരുപാട് എഫോർട്ട് ഇട്ടിട്ടുണ്ട്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴും ഏറ്റവും കൂടുതൽ ഓർക്കുകയും മനസിൽ കൊണ്ടുപോകുകയും ചെയ്യുന്ന കഥാപാത്രം പെപ്പെയുടേതായിരിക്കും,” ദുൽഖർ പറഞ്ഞു. പ്രീ റിലീസ് ചടങ്ങിൽ പെപ്പെയുടെ ലുക്കിനെയും ദുൽഖർ പ്രശംസിച്ചു.

ഓഗസ്റ്റ് 29ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ‘ഐ ആം ഗെയിം’ മ്യൂസിക് ലോഞ്ച് നടന്നത്. വേടൻ, അർമാൻ മാലിക്, സംഗീതസംവിധായകൻ ജേക്സ് ബിജോയ് തുടങ്ങിയവരുടെ പ്രകടനങ്ങളും ചടങ്ങിനെ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ‘ഐ ആം ഗെയിം’ നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ.

Dulquer Salmaan praises Antony Varghese Pepe as the real hero of I AM GAME, ahead of its September 3 global release. Speaking at the film’s music launch, Dulquer highlighted Pepe’s effort and performance. The comments have sparked fan theories about his character in Nahas Hidayath’s big-budget fantasy thriller.