Entertainment News

സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മലയാളിത്തിളക്കം; 'എക്കോ' ഉദ്ഘാടന ചിത്രം, ലോകയും ആലപ്പുഴ ജിംഖാനയും പെണ്ണും പൊറാട്ടും പ്രദര്‍ശിപ്പിക്കും

സാമൂഹിക വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ ഡോക്യുമെന്ററികളാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം. ഹൈദര്‍ ഖാന്‍ സംവിധാനം ചെയ്ത 'സാഥ് പാര്‍ സിന്ദഗി- ലൈഫ് ബിയോണ്ട് 60' ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്

Entertainment Desk

യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യന്‍ ചലച്ചിത്രമേളയായ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രമേളയുടെ 23-ാമത് എഡിഷനില്‍ ഇത്തവണ മലയാള സിനിമകള്‍ക്ക് സവിശേഷ പ്രാധാന്യം. മേളയുടെ ഭാഗമായി 70-ലധികം ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. വ്യക്തിത്വം, പാരമ്പര്യം, രാഷ്ട്രീയം, സാമൂഹിക മാറ്റങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് മേളയിലുടനീളം അണിനിരക്കുന്നത്. ബജറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഇത്തവണ മേളയുടെ കാലാവധി നാല് ദിവസമായി ചുരുക്കിയിട്ടുണ്ടെങ്കിലും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുള്ള മികച്ച ചിത്രങ്ങളുമായി മേള സജീവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂലൈ 23 മുതല്‍ 26 വരെയാണ് ചലച്ചിത്രമേള നടക്കുക.

ഉദ്ഘാടന ചിത്രമായി 'എക്കോ'

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മലയാളം ത്രില്ലര്‍ ചിത്രം 'എക്കോ: ഫ്രം ദി ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍' ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. മേളയുടെ ആദ്യദിനം തന്നെ വര്‍ഷ ഭരത് സംവിധാനം ചെയ്ത 'ബാഡ് ഗേള്‍' എന്ന കൗമാരക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മലയാള സിനിമകളുടെ ക്രാഫ്റ്റും സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് മേളയില്‍ മലയാളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

മേളയിലെ പ്രധാന മലയാള ചിത്രങ്ങള്‍

മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, കാര്‍ബി തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ആയി വേഷമിടുന്ന ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോകാ- ചാപ്റ്റര്‍ 1: ചന്ദ്ര', ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ബോക്‌സിങ് പശ്ചാത്തലമാക്കിയുള്ള കോമഡി ചിത്രം 'ആലപ്പുഴ ജിംഖാന', എംസി ജോസഫിന്റെ സര്‍വൈവല്‍ ത്രില്ലര്‍ 'മീശ', നടന്‍ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ 'പെണ്ണും പൊറാട്ടും' എന്നിവയാണ് മേളയിലെ ശ്രദ്ധേയമായ മലയാള സാന്നിധ്യങ്ങള്‍. ഇവ കൂടാതെ 'ഇക്റ്റ്‌സുവാര്‍പോക്ക്- ദി വെയ്റ്റ് ഓഫ് ലോംഗിങ', 'നെവര്‍മൈന്‍ഡ്', കാര്‍ബി ഭാഷാ ചിത്രമായ 'കാങ്‌ബോ അലോട്ടി- ദി ലോസ്റ്റ് പാത്ത്', 'ദി ഓഡിഷന്‍', 'ഷീനസ്', 'ദി ഗ്രേറ്റ് ഷംസുദ്ദീന്‍ ഫാമിലി' തുടങ്ങിയ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഡോക്യുമെന്ററി, ക്വിയര്‍ സിനിമ വിഭാഗങ്ങള്‍

സാമൂഹിക വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ ഡോക്യുമെന്ററികളാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം. ഹൈദര്‍ ഖാന്‍ സംവിധാനം ചെയ്ത 'സാഥ് പാര്‍ സിന്ദഗി- ലൈഫ് ബിയോണ്ട് 60' ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ട്രാന്‍സ്ജെന്‍ഡര്‍ ഫോക്ക് ഡാന്‍സര്‍ മഞ്ജമ്മ ജോഗതി, ആനപ്പാപ്പാന്‍ പാര്‍ബതി ബറുവ എന്നിവരുള്‍പ്പെടെ അഞ്ച് പത്മശ്രീ ജേതാക്കളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി ദൃശ്യവല്‍ക്കരിക്കുന്നത്.

തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്ന 'ലൈവ്‌സ് ഫോര്‍ ലീവ്‌സ്- ടീ പ്രൊഡക്ഷന്‍ ഇന്‍ ആസാം', ഇന്ത്യയിലെ അവസാനത്തെ ഔദ്യോഗിക ആരാച്ചാരുടെ കഥ പറയുന്ന 'വെയ്റ്റിങ് അറ്റ് ദി എഡ്ജ് ഓഫ് ദി ഗാലോസ്' തുടങ്ങിയ ഡോക്യുമെന്ററികളും ഇതിലുണ്ട്. ഹൈദര്‍ ഖാന്റെ തന്നെ 'ടിയേഴ്‌സ് ബിനീത് ദി ലാഫിങ് സ്‌കൈ', 'ഡിവൈന്‍ ബീസ്റ്റ്‌സ് ഇന്‍ ബോണ്ടേജ്' എന്നീ ഡോക്യുമെന്ററികളുടെ ലോക പ്രീമിയറും മേളയില്‍ നടക്കും.

മേളയുടെ ക്വിയര്‍ സിനിമാ വിഭാഗത്തില്‍ സംവിധായകന്‍ ഒനീറിന്റെ 'തുമാരി ഖുശ്ബൂ- യുവര്‍ ഫ്രാഗ്രന്‍സ്', ചന്ദ്രദീപ് ദാസിന്റെ 'ജാസ്മിന്‍ ദാറ്റ് ബ്ലൂംസ് ഇന്‍ ഓട്ടം', തമിഴ്നാട്ടിലെ കൂവാഗം ഉത്സവത്തിനിടയിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളുടെ ജീവിതം പകര്‍ത്തിയ 'ബ്രൈഡ് ഓഫ് അരവാന്‍' എന്നിവയും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍, ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി മികച്ച ചിത്രങ്ങള്‍ക്ക് മേളയില്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും. സ്റ്റുട്ട്ഗാര്‍ട്ട് നഗരസഭയുടെയും ബാഡന്‍-വ്യൂര്‍ട്ടന്‍ബര്‍ഗ് സയന്‍സ്, റിസര്‍ച്ച് ആന്‍ഡ് ആര്‍ട്‌സ് മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്.

The 23rd Stuttgart Indian Film Festival, Europe's largest festival dedicated to Indian cinema, will feature a strong Malayalam presence this year, with several acclaimed films selected for screening. The festival will open with the Malayalam thriller "Echo: From the Infinite Chronicles of Kuryachan", directed by Dinjith Ayyathan. Other major Malayalam films in the lineup include "Loka – Chapter 1: Chandra", starring Kalyani Priyadarshan as Malayalam cinema's first female superhero, "Alappuzha Gymkhana" directed by Khalid Rahman, "Meesha" by MC Joseph, and "Pennum Porattum", the directorial debut of actor Rajesh Madhavan.