പ്രശസ്ത പോപ്പ് ഗായകൻ എഡ് ഷീരൻ സംഗീതത്തിൽ നിന്നും താൽക്കാലികമായി മാറിനിൽക്കുന്നു. തന്റെ നോർത്ത് അമേരിക്കൻ പര്യടനമായ ലൂപ്പ് ടൂറിനിയാണ് അദ്ദേഹം ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുമാണ് ഈ ഇടവേളയെന്ന് അദ്ദേഹം വ്യക്തമാക്കി.
വരുന്ന നവംബറിൽ ഈ ടൂർ അവസാനിച്ചതിന് ശേഷം കുറച്ചുകാലം സംഗീതത്തിൽ നിന്ന് മാറിനിൽക്കുമെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചു. ജൂൺ 14-ന് അരിസോണയിലെ ഗ്ലെൻഡെയ്‌ലിൽ വെച്ച് നടന്ന തന്റെ 'ലൂപ്പ്' (LOOP) നോർത്ത് അമേരിക്കൻ പര്യടനത്തിന്റെ ആദ്യ കൺസേർട്ടിനിടെയാണ് എഡ് ഷീരൻ ഈ പ്രഖ്യാപനം നടത്തിയത്. "ഈ പര്യടനത്തിന് ശേഷം ഞാൻ ചെറിയൊരു ഇടവേള എടുക്കുകയാണ്. ഒരു അച്ഛൻ എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിറവേറ്റാൻ വേണ്ടിയാണത്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയില്ലെങ്കിലും, ഓർക്കുക, നിങ്ങളോടെനിക്ക് സ്നേഹമുണ്ട്. ഇന്ന് ഇവിടെ എത്തിയതിന് നന്ദി."- എഡ് ഷീരൻ ആരാധകരോടായി പറഞ്ഞു. പരിപാടിക്കിടെ ഒരു ആരാധകൻ പകർത്തിയ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഗ്രാമി പുരസ്കാര ജേതാവായ താരത്തിന് രണ്ട് പെൺമക്കളാണുള്ളത്. സഫോക്കിൽ ഒരുമിച്ച് സ്കൂളിൽ പഠിച്ചിരുന്ന കാലം മുതൽ സുഹൃത്തായിരുന്ന ചെറി സീബോണുമായി 2019-ലായിരുന്നു എഡ് ഷീരന്റെ വിവാഹം.
കുടുംബത്തിന് കൂടുതൽ മുൻഗണന നൽകുന്നതിന്റെ ഭാഗമായി, കഴിഞ്ഞ 15 വർഷമായി താൻ പ്രവർത്തിച്ചിരുന്ന റെക്കോർഡ് ലേബൽ ഉപേക്ഷിക്കുകയാണെന്ന് ഒരു മാസം മുൻപ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കരിയർ തുടങ്ങിയ കാലത്തെ ഒരു കൗമാരക്കാരന്റെ മുൻഗണനകളല്ല രണ്ട് കുട്ടികളുടെ പിതാവായ ഇപ്പോൾ തനിക്കുള്ളതെന്നും, ജീവിതത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്നുമായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്. ഇതിനുമുമ്പ് 2015-ലും 2019 മുതൽ 2021 വരെയുള്ള കാലയളവിലും സമാനമായ രീതിയിൽ അദ്ദേഹം സംഗീതത്തിൽ നിന്ന് ഇടവേളകൾ എടുത്തിട്ടുണ്ട്.
2026-ന്റെ തുടക്കം മുതൽ തന്നെ പര്യടനങ്ങളുടെ തിരക്കിലാണ് എഡ് ഷീരൻ. ജനുവരിയിൽ ന്യൂസിലൻഡിൽ ആരംഭിച്ച ലൂപ്പ് ടൂർ ഇപ്പോൾ അമേരിക്കയിലാണ് പുരോഗമിക്കുന്നത്. നവംബർ 7-ന് ഫ്ലോറിഡയിലെ ടാമ്പയിൽ വെച്ച് അമേരിക്കൻ പര്യടനം അവസാനിക്കും. തുടർന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ചിലി, പരാഗ്വേ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഡിസംബർ 12-ന് മെക്സിക്കോ സിറ്റിയിലാണ് ഈ ടൂർ ഔദ്യോഗികമായി സമാപിക്കുന്നത്. ഇതിനുശേഷമായിരിക്കും പുതിയ പാട്ടുകൾ ഇറക്കുന്നതിൽ നിന്നും മറ്റ് പര്യടനങ്ങളിൽ നിന്നും അദ്ദേഹം പൂർണ്ണമായി മാറിനിൽക്കുക.
Pop star Ed Sheeran has announced a temporary break from music to focus on his family and duties as a father. The singer revealed this during the Glendale stop of his North American 'Loop Tour'. His current tour is scheduled to conclude on December 12 in Mexico City, following dates in Latin America. Sheeran, who shares two daughters with his wife Cherry Seaborn, recently left his record label to prioritize family life over his career.