മലയാളി സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന രണ്ട് പ്രധാന വാര്‍ത്തകള്‍ പുറത്തുവിട്ട് നടന്‍ ഫഹദ് ഫാസില്‍. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന 'പേട്രിയറ്റി'ല്‍ വില്ലന്‍ കഥാപാത്രം താനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ആദ്യത്തെ ഫഫ വെളിപ്പെടുത്തല്‍. യുവാക്കള്‍ക്കിടയില്‍ കള്‍ട്ട് ചിത്രമായിരുന്ന 'ആവേശ'ത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നതാണ് രണ്ടാമത്തെ പ്രസ്താവന. രണ്ടും വലിയ ആരവങ്ങളോടെയാണ് കാണികള്‍ വരവേറ്റത്. സാമുവല്‍ വര്‍ഗീസ് ബ്ലു ഹില്‍ ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'അടുത്ത മലയാളം റിലീസ് 'പേട്രിയറ്റ്' ആണ്. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനും ഒപ്പമാണ്. മുന്‍ജന്മഭാഗ്യമാണ് ഇവരുടെ കൂടെ ഒരു സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുക എന്നത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യും. 'പാട്രിയറ്റി'ല്‍ ഞാന്‍ വില്ലനാണ്. ഫഹദ് ഫാസില്‍ പറഞ്ഞു. 'ആവേശം' രണ്ടാം ഭാഗം ഉണ്ട്. എവിടെ ചെന്നാലും ആളുകള്‍ ചോദിക്കുന്നൊരു ചോദ്യമാണ്. 2027ലോ, 2028ലോ ചിത്രം സംഭവിച്ചേക്കാമെന്നും ഫഹദ് വ്യക്തമാക്കി.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിലെ ആറ് പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, എന്നിവരുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയും മോഹന്‍ലാലും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.
രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
English Summary: Actor Fahadh Faasil dropped two major bombshells at the Samuel Varghese Blue Hill Foundation's first anniversary event. He confirmed he plays the villain in the highly anticipated multi-starrer 'Patriot', which marks the long-awaited on-screen reunion of Mammootty and Mohanlal after years.