മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റി'ന് വിലക്കേർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. നിർമാണ-വിതരണ വിഹിതം വർധിപ്പിച്ചതിലെ അതൃപ്തിയാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഫിയോക് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 23ലേക്കായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു ചിത്രം റിലീസ് ആകുന്ന ആദ്യ ആഴ്ചയിൽ 60 ശതമാനം, രണ്ടാം ആഴ്ചയിൽ 55 ശതമാനം മൂന്നാം ആഴ്ചയിൽ 50 ശതമാനം എന്നിങ്ങനെ വിഹിതം നൽകുന്ന രീതിയാണ് മലയാള സിനിമയിൽ നിലനിൽക്കുന്നത്. എന്നാൽ 'പേട്രിയറ്റി'ൻറെ നിർമാതാക്കൾ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് കരാർ നൽകിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചത്.
ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കിൽ സിനിമ പ്രദർശിപ്പിക്കുന്നത് അസാധ്യമാണെന്നും, ഈ മാറ്റം തിയറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടി. മൾട്ടി പ്ലക്സ് അടക്കമുള്ള തിയറ്ററുകൾക്ക് 60, 55 നിന്നും കുറഞ്ഞ ശതമാനത്തിലാണ് നിർമാതാക്കൾ കരാർ നൽകിയിരിക്കുന്നതെന്നും ഫിയോക്ക് വ്യക്തമാക്കി.
English Summary: The theatre owners’ body Film Exhibitors United Organisation of Kerala (FEUOK) has banned the release of the upcoming Malayalam film Patriot starring Mammootty and Mohanlal. The decision came after producers demanded a 60% revenue share for the first two weeks, which theatre owners say would cause financial losses.