ആദ്യ ആഴ്ചയിൽ തന്നെ ബോക്‌സ് ഓഫീസ് പരാജയമെന്ന് വിലയിരുത്തപ്പെട്ട ചിത്രം. താരപ്രഭയില്ല, വലിയ പ്രമോഷനുകളുമില്ല. ആകെ മുതൽമുടക്ക് വെറും ₹2 കോടി. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ചിത്രം ബോക്‌സോഫീസിൽ വൻ കുതിപ്പ് നടത്തി. മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിൽ ₹42 കോടിയിലധികം നെറ്റ് കളക്ഷൻ നേടിയ ‘ഹനുമാൻ അൻഷ്’ 2026ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്.
ഓഗസ്റ്റ് ഏഴിന് വളരെ പരിമിതമായ പ്രചാരണങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ വാരാന്ത്യത്തിൽ നേടിയത് വെറും ₹60 ലക്ഷം. പ്രേക്ഷകപ്രതികരണവും കാര്യമായി ലഭിക്കാതിരുന്നതോടെ ചിത്രം അധികനാൾ തിയേറ്ററുകളിൽ തുടരില്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.
പക്ഷേ, രണ്ടാം വാരാന്ത്യത്തോടെ സ്ഥിതി മാറിത്തുടങ്ങി. ചിത്രം കണ്ടവരുടെ മികച്ച അഭിപ്രായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തി. സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ചർച്ചകൾ സജീവമായതോടെ തിയേറ്ററുകളിലെ തിരക്ക് വർധിച്ചു. പ്രേക്ഷകപിന്തുണ കണക്കിലെടുത്ത് പല കേന്ദ്രങ്ങളിലും കൂടുതൽ ഷോകൾ അനുവദിച്ചു. അതിന്റെ ഫലമായി നാലാം വാരാന്ത്യത്തിൽ മാത്രം ചിത്രം നേടിയത് ₹28 കോടിയാണ്.
ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ ഇതിനോടകം ₹42 കോടി പിന്നിട്ടു. അതായത് നിർമാണച്ചെലവിന്റെ 21 മടങ്ങിലധികം വരുമാനം. ചെലവ് കിഴിച്ചുള്ള കണക്കിൽ ഏകദേശം 2000 ശതമാനം ലാഭമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. നിലവിലെ മുന്നേറ്റം തുടർന്നാൽ ₹50 കോടി എന്ന നേട്ടം ഉടൻ മറികടക്കുമെന്നും ലൈഫ്‌ടൈം കളക്ഷൻ ₹100 കോടിവരെ എത്തിയേക്കാമെന്നും സിനിമാവ്യവസായ രംഗത്തുള്ളവർ വിലയിരുത്തുന്നു.
കളക്ഷന്റെ കാര്യത്തിൽ വൻ ചിത്രങ്ങളോട് മത്സരിക്കാനാകില്ലെങ്കിലും നിക്ഷേപത്തിന് ലഭിച്ച വരുമാനത്തിന്റെ കാര്യത്തിൽ ‘ഹനുമാൻ അൻഷ്’ ഏറെ മുന്നിലാണ്. ഏകദേശം ₹125 കോടി ബജറ്റിൽ ഒരുക്കിയ ‘ധുരന്ധർ 2’ ആയിരം ശതമാനത്തോളം ലാഭം നേടിയെന്നാണ് കണക്കുകൾ. ₹30 കോടി ബജറ്റിലെത്തിയ ‘ആവാരാപൻ 2’വിന്റെ ലാഭം ഏകദേശം 450 ശതമാനമാണ്.
അതേസമയം, വെറും ₹2 കോടിയിൽ പൂർത്തിയാക്കിയ ‘ഹനുമാൻ അൻഷ്’ ഇതിനകം 2000 ശതമാനം ലാഭം രേഖപ്പെടുത്തി. തിയേറ്റർ പ്രദർശനം അവസാനിക്കുന്നതോടെ ഇത് 5000 ശതമാനത്തോളം ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടംപിടിക്കും.
ആത്മീയ ഗുരുവായ നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഭക്തിസാന്ദ്രമായ ഡ്രാമയാണ് ‘ഹനുമാൻ അൻഷ്’. ലക്ഷ്മൺ ദാസ് എന്ന ബാലൻ ആത്മീയതയിലേക്ക് തിരിയുന്നതും പിന്നീട് ജനങ്ങൾ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന നീം കരോളി ബാബയായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പതിമൂന്നാം വയസ്സുമുതലുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഡോക്ടറിൽനിന്ന് സിനിമാപ്രവർത്തകനായി മാറിയ വിശാൽ ചതുർവേദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചന്ദൻ ആനന്ദ്, ശോഭിനവ് സത്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്വയംഭൂ മീഡിയ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, രാഗിണി എസ്, നമ്രത ജി എസ്, അനുപ്രിയ എ നഗർ എന്നിവരാണ് നിർമാണം.
താരങ്ങളെയും വലിയ പ്രചാരണങ്ങളെയും ആശ്രയിക്കാതെ, പ്രേക്ഷകരുടെ അഭിപ്രായങ്ങളിലൂടെ മാത്രം വളർന്ന ‘ഹനുമാൻ അൻഷ്’ നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തുടക്കത്തിലെ തണുത്ത പ്രതികരണത്തിൽനിന്ന് റെക്കോർഡ് ലാഭത്തിലേക്കുള്ള ചിത്രത്തിന്റെ യാത്ര ഇന്ത്യൻ ബോക്‌സ് ഓഫീസിലെ ഈ വർഷത്തെ ഏറ്റവും വലിയ അപ്രതീക്ഷിത വിജയകഥയായി മാറിക്കഴിഞ്ഞു.
Made on a ₹2 crore budget, Hanuman Ansh has emerged as 2026’s most profitable Indian film. After earning only ₹60 lakh in its opening weekend, strong word of mouth pushed its India net collection beyond ₹42 crore, delivering nearly 2000% profit and turning the devotional drama into a surprise blockbuster.