Producer Badusha  
Entertainment News

'ബട്ട് ക്യാഷ്?'; നൂറു ശതമാനവും പിആർ കമന്റുകളെന്ന് ബാദുഷ

'ദില്ലിയിലേക്ക് യാത്ര ചെയ്യുന്നു', എന്ന ക്യാപ്ഷനോടെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ പ്രതികരിച്ചിരിക്കുകയാണ് ബാദുഷ

Entertainment Desk

നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുണ്ടായ തർക്കം വലിയ വിവാദമുണ്ടാക്കിയിരുന്നു. കടമായി വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു നടൻ ഹരീഷ് ബാദുഷയ്ക്കെതിരെ ഉയർത്തിയ ആരോപണം. എന്നാൽ ഹരീഷിന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പറഞ്ഞിരുന്നു. ഇതോടെ ഇരുകൂട്ടരും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരകളാവുകയായിരുന്നു.

ഇപ്പോഴിതാ, 'ദില്ലിയിലേക്ക് യാത്ര ചെയ്യുന്നു', എന്ന ക്യാപ്ഷനോടെ ബാദുഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. എയർപോർട്ടിൽ നിന്നുമുള്ള ബാദുഷയുടെ ചിത്രത്തിന് താഴെ 'ഹാപ്പി ജേണി, ബട്ട് ക്യാഷ്?' എന്ന കമന്റുകളാണ് നിറയുന്നത്. ഇത്തരം കമന്റുകൾ പി.ആർ വർക്കിന്റെ ഭാഗമായി വരുന്നതാണെന്നാണ് ബാദുഷയുടെ ആരോപണം. ഇമെയിൽ അയക്കുന്നതിന് പകരം, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കമന്റ് ചെയ്യുന്നതാണ് തനിക്ക് ​ഗുണം എന്നും ബാദുഷ തമാശരൂപേണ പറഞ്ഞു.

ബാദുഷയുടെ വാക്കുകൾ:

'100 ശതമാനം അത് പിആർ വർക്ക് ആണ് നടക്കുന്നത് എന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞു. ഇസ്രായേലിൽ നിന്നുവരെ വിളി വരുന്നു. ഇപ്പോൾ ഇത്തരം സന്ദേശങ്ങൾ എല്ലാവരും മെയിലിലും വാട്ട്സ്ആപ്പിലുമൊക്കെയാണ് അയക്കുന്നത്. അവരോട് പാറയാനുള്ളത് മെയിലും വാട്സ്ആപ്പിലും അയക്കരുത്, കാരണം അതുകൊണ്ട് എനിക്ക് ഗുണമില്ല. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആണെങ്കിൽ ​ഗുണമുണ്ട്. അങ്ങനെ ചെയ്‌താൽ വലിയ ഉപകാരം.'

English Summary: Production controller N.M. Badusha responded sarcastically to social media comments amid the financial dispute controversy with actor Harish Kanaran, calling the online attacks a PR exercise.