HAREESH KANARAN, N M BADUSHA Image Credit: Instagram
Entertainment News

'ഹരീഷിന് പണം കൊടുക്കാനുണ്ട്, എന്നാൽ 20 ലക്ഷമല്ല'; ആരോപണങ്ങളിൽ മറുപടിയുമായി ബാദുഷ

അഞ്ച് വര്‍ഷത്തിനിടെ 72 സിനിമകളില്‍ ഹരീഷിന്റെ ഡേറ്റ് താൻ മാനേജ് ചെയ്തിട്ടുണ്ട്, വാങ്ങിയ പണം അതിനുള്ള പ്രതിഫലമായി കണക്കാക്കുമെന്നാണ് കരുതിയതെന്ന് ബാദുഷ.

Madism Desk

പണം വാങ്ങി വഞ്ചിച്ചെന്ന, നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ രംഗത്ത്. ഹരീഷ് കണാരനിൽ നിന്നും 20 ലക്ഷം രൂപ കടം വാങ്ങുകയും തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു ബാദുഷയ്ക്ക് നേരെ ഉന്നയിക്കപ്പെട്ട ആരോപണം. ഇപ്പോഴിതാ, നടന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബാദുഷ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, താൻ ഹരീഷിനോട് 20 ലക്ഷം ചോദിച്ചെങ്കിലും തന്നത് 14 ലക്ഷമാണെന്നാണ് ബാദുഷ പറയുന്നത്. അതില്‍ ഏഴ് ലക്ഷത്തോളം തിരികെ നല്‍കിയതായും ബാദുഷ പറയുന്നു.

അഞ്ച് വര്‍ഷത്തിനിടെ 72 സിനിമകളില്‍ ഹരീഷിന്റെ ഡേറ്റ് താൻ മാനേജ് ചെയ്തിട്ടുണ്ടെന്നും, അതിനുള്ള പ്രതിഫലമായി കണക്കാക്കുമെന്നാണ് കരുതിയതെന്നും ബാദുഷ പറഞ്ഞു. ഹരീഷിനെ 50 ദിവസത്തേയ്ക്ക് എആർഎം സിനിമയിൽ നിശ്ചയിച്ചിരുന്നു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിനിമ ഇല്ലാതെയായതെന്നും ബാദുഷ വിശദമാക്കി. ഹരീഷിന് സിനിമ ലഭിക്കാത്തത് അദ്ദേഹത്തിന്റെ മോശം സ്വഭാവം കൊണ്ടാണെന്നും ബാദുഷ ആരോപിച്ചു.

എആര്‍എമ്മിൽ അഞ്ച് ലക്ഷമായിരുന്നു ഹരീഷിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഹരീഷ് 15 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു, ബാദുഷ പറഞ്ഞു. ഇക്കാര്യങ്ങള്‍ ടൊവിനോയ്ക്ക് അറിയില്ലായിരിക്കാം എന്നും അദ്ദേഹം കൂട്ടിചേർത്തു. ഹരീഷില്‍ നിന്നും ഇതുവരെ വാങ്ങിയത് 14 ലക്ഷം രൂപയാണെന്നും, അതിൽ ആറര ലക്ഷത്തോളം തിരികെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് രേഖകള്‍ തന്റെ കൈവശം തെളിവിനായി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടും. അത്ര വലിയ അപമാനമാണ് നേരിട്ടത്. ഗൂഢാലോചന സംശയിക്കുന്നു. ഓരോ ദിവസവും വിഷയം വഷളവുകയാണ്. കുടുംബത്തെ വരെ ബാധിക്കുന്നു, എന്നും അദ്ദേഹം കൂട്ടിചേർത്തു.

English Summary: Producer and production controller NM Badusha responded to actor Harish Kanaran’s allegations of a ₹20 lakh loan and removal from films.