ഫ്രീയായി വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം താൻ കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും കാണാറുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ. ഭാഷ അറിയില്ലെങ്കിലും തുളു അടക്കമുള്ള സിനിമ കാണുമെന്നും അതിൽ ഒരുപാട് പഠിക്കാനുണ്ടെന്നും ഷെഫ് നളന്റെ പോഡ്കാസ്റ്റിൽ ഹരിശ്രീ അശോകന്‍ പറഞ്ഞു.
"എന്റെ ജീവിതത്തിൽ സിനിമ മാത്രമാണ്, വേറെയൊരു ചിന്തയുമില്ല. രാവിലെ എഴുന്നേറ്റ് ഇരിക്കുമ്പോൾ തന്നെ നമ്മൾ ചിന്തിക്കുന്നത് സിനിമയെ കുറിച്ചാണ്. രാത്രി 10.30 അല്ലെങ്കിൽ 11 മണിയാകുമ്പോൾ ഞാൻ കിടക്കും. ആ സമയം വരെയും ഞാൻ സിനിമ കാണും. ഒരു ഫുൾ ഡേ ഞാൻ ഫ്രീ ആണെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും കാണും. കൂടെ ഭാര്യയും ഉണ്ടാകും. അവൾ ഇടയ്ക്കിടയ്ക്ക് അടുക്കളയിൽ നിന്ന് വന്ന് കാണും. ചിലർ പറയില്ലേ, സിഗരറ്റ് വലിക്കുന്നവനാണെങ്കിൽ, ഭയങ്കര വലിക്കാരനാണെങ്കിൽ, ഒരു സെക്കന്റ് വിട്ടു കഴിഞ്ഞാൽ ഇന്ന് സിഗരറ്റ് വലിച്ചില്ലല്ലോ എന്ന് തോന്നും. നമ്മളൊരു ദിവസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വിഷമമാണ്. ഒന്നുകിൽ തിയറ്റർ അല്ലെങ്കിൽ ഒടിടി. പഴയ സിനിമകളും പുതിയ സിനിമകളും ഒക്കെ കാണും. ഞാൻ തുളു സിനിമ വരെ കാണും. ഭാഷ അറിയില്ലെങ്കിലും. നമുക്കൊരുപാട് പഠിക്കാനുണ്ട്. എങ്ങും എത്തിയിട്ടില്ല ഇപ്പോഴും, എവിടെയും എത്തിയിട്ടില്ല. എന്നെ സംബന്ധിച്ച് ഞാൻ എവിടെയും എത്തിയിട്ടില്ല"
ഇനിയും കുറേ സംഭവങ്ങൾ ചെയ്യണമെന്നുള്ള ആഗ്രഹം മനസിലുള്ളതു കൊണ്ടാണ് ഇപ്പോഴും സിനിമകൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
സ്കൂൾ-കോളേജ് കാലഘട്ടം മുതൽക്കേ സിനിമയോട് വലിയ താല്പര്യമുണ്ടായിരുന്നു. എം.ജി.ആറിന്റെ വലിയ ആരാധകനായിരുന്ന തന്റെ അച്ഛനിൽ നിന്നാണ് സിനിമയോടുള്ള ഈ താല്പര്യം മനസ്സിൽ വളർന്നതെന്ന് നടൻ പറഞ്ഞു. ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകൾ പോലുമില്ലാതിരുന്ന ഒരു കാലത്താണ് താൻ സിനിമാ മോഹവുമായി നടന്നിരുന്നത്. സംവിധായകരെ നേരിട്ടു കാണാനും അവസരങ്ങൾക്കായി ശ്രമിക്കാനുമായി കോടമ്പാക്കത്തെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
"യഥാർത്ഥ സിനിമാ ജീവിതവും വിജയവും രൂപപ്പെടുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ്. വീഴ്ചകളിൽ നിന്ന് പരുക്കേറ്റ്, സ്വന്തം ശക്തിയാൽ എഴുന്നേറ്റു നിൽക്കാൻ പഠിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ വിജയിയാകുന്നത്,"
സിനിമയെയും സ്വന്തം ജീവിതത്തെയും എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്ന് നിരന്തരം ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഏതൊരാൾക്കും വിജയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നും നടൻ കൂട്ടി ചേർത്തു.
Malayalam actor Harisree Ashokan revealed that he watches at least three films on a free day, believing cinema is his greatest teacher. He also said he still feels he has a long way to go in his career despite decades in the industry