Entertainment News

'എന്ത് ചെയ്യാനാ സാറേ, കയ്യിലിരിപ്പ് പണ്ടേ കുറച്ച് മോശമാ..'; പൃഥ്വിരാജിന്‍റെ 'ഐ നോബഡി' കിടിലന്‍ ട്രെയിലര്‍

കൗതുകകരമായ മറ്റൊരു കാര്യം, ട്രെയിലറിൽ അണിയറപ്രവർത്തകരുടെയെല്ലാം പേരിന്റെ സ്ഥാനത്ത് “നോബഡി” (Nobody) എന്നാണ് നൽകിയിരിക്കുന്നത് എന്നതാണ്.

Entertainment Desk

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഐ, നോബഡി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

രാജീവൻ എന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ട്രെയിലർ നൽകുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള രാജീവൻ വളരെ ലളിതവും സാധാരണവുമായ ഒരു ജീവിതമാണ് നയിക്കുന്നത്. എന്നാൽ, ഒരിക്കലും കാണാൻ പാടില്ലാതിരുന്ന ഒരു കാര്യം അപ്രതീക്ഷിതമായി അയാൾ കാണാനിടയാകുന്നതോടെ രാജീവന്റെ ജീവിതം കീഴ്മേൽ മറിയുകയാണ്.

സംഭവങ്ങൾ കൈവിട്ടുപോകുമ്പോൾ, തനിക്ക് തുണയാകുമെന്ന് അയാൾ വിശ്വസിച്ചിരുന്ന സംവിധാനങ്ങൾ പോലും അയാൾക്കെതിരായി മാറുന്നതാണ് കാണാൻ കഴിയുന്നത്. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞുനിൽക്കുന്ന ചിത്രം, ഈ സംഭവവികാസങ്ങളുമായി രാജീവനുള്ള ബന്ധമെന്താണെന്നും തന്റെ മുന്നിലെത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അയാൾക്ക് കഴിയുമോ എന്നുമുള്ള ചോദ്യങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നത്.

"Every Nobody is a Somebody!!" എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ ട്രെയിലർ പങ്കുവെച്ചത്. തുടക്കം മുതൽ തന്നെ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന ഈ ട്രെയിലർ, ഒരു മികച്ച ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന ഉറപ്പാണ് നൽകുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലുള്ള ചിത്രം ജൂലൈ 9 ന് ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തും.

വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ഖാലിദ് റഹ്മാനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഐ, നോബഡിക്കുണ്ട്. 

ഇവർക്ക് പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, സഞ്ജു ശിവറാം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും റമീസ് എം ബി ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. കൗതുകകരമായ മറ്റൊരു കാര്യം, ട്രെയിലറിൽ അണിയറപ്രവർത്തകരുടെയെല്ലാം പേരിന്റെ സ്ഥാനത്ത് “നോബഡി” (Nobody) എന്നാണ് നൽകിയിരിക്കുന്നത് എന്നതാണ്.

The official trailer for Prithviraj Sukumaran's upcoming Malayalam movie 'I, Nobody' has been released, promising an intense edge-of-the-seat action thriller. The story revolves around Rajeevan, an ordinary government employee and family man, whose life turns upside down when he witnesses a dangerous secret. As the very systems he trusted turn against him, he is forced to navigate a series of life-threatening challenges. The film features an ensemble cast including Hakkim Shahjahan, Ashokan, and Vijayaraghavan.