Entertainment News

‘സരിഗമ’യുടെ ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചു; ഇളയരാജയ്ക്ക് തിരിച്ചടി

സരിഗമസമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി

Entertainment Desk

സംഗീതസംവിധായകൻ ഇളയരാജ ‘സരിഗമ’യുടെ പകർപ്പവകാശത്തിലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സരിഗമസമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഇളയരാജയുടെ രീതികൾ സരിഗമയ്ക്ക് നികത്താനാവാത്ത നഷ്ടം വരുത്തുമെന്നും, ഇളയരാജയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഏജന്റുമാരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഉപയോഗിക്കാനോ മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി 13-ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല പുറപ്പെടുവിച്ച ഉത്തരവിൽ, ആമസോൺ മ്യൂസിക്, ഐട്യൂൺസ് , ജിയോസാവന് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഉണ്ടായ കരാറുകളുടെ അടിസ്ഥാനത്തിൽ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങളുടേതാണെന്ന് സരിഗമ വാദിച്ചു. 1957-ലെ പകർപ്പവകാശ നിയമപ്രകാരം, പ്രത്യേക കരാറുകൾ ഇല്ലെങ്കിൽ സിനിമയ്ക്കായി സൃഷ്ടിക്കുന്ന കൃതികളുടെ ആദ്യ ഉടമ നിർമാതാവാണെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

English Summary: The Delhi High Court issued an interim order restraining composer Ilaiyaraaja from using Saregama-owned songs without permission, citing copyright infringement on digital platforms.