Entertainment News

ഓണക്കളത്തിൽ ഡിക്യു ഇല്ല; 'ഐ ആം ഗെയിം' സെപ്റ്റംബർ മൂന്നിന്

വലിയ സ്കെയിലിൽ മാസ് ബോക്സ്ഓഫീസ് അനുഭവം നൽകാനാണ് മാറ്റമെന്ന് ദുൽഖർ

Entertainment Desk

ഓണത്തിന് തിയറ്ററുകളിൽ വൻ മാസ് പെർഫോമൻസ് പ്രതീക്ഷിച്ചിരുന്ന സിനിമാപ്രേമികൾക്ക് ചെറിയൊരു കാത്തിരിപ്പ് കൂടി. ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'ഐ ആം ഗെയിം' ഓണത്തിന് എത്തില്ല. ഓഗസ്റ്റ് 20-ന് റിലീസ് ചെയ്യാനിരുന്ന സിനിമ സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ദുൽഖർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്.

റിലീസ് വൈകുന്നതിൽ ക്ഷമ ചോദിച്ച ദുൽഖർ, കാത്തിരിപ്പ് കുറച്ചുകൂടി നീളുമെങ്കിലും തിയറ്ററുകളിൽ ഒരുക്കാൻ പോകുന്ന 'ഗെയിം' പ്രതീക്ഷിച്ചതിലും വലുതായിരിക്കുമെന്ന ഉറപ്പും നൽകുന്നുണ്ട്. സിനിമ ആവശ്യപ്പെടുന്ന വമ്പൻ സ്കെയിലും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മികച്ച അനുഭവം നൽകാനുള്ള തയ്യാറെടുപ്പുകളുമാണ് ഈ തിയതി മാറ്റത്തിന് കാരണം.

പാൻ ഇന്ത്യൻ തലത്തിൽ വമ്പൻ റിലീസ്

'ആർ.ഡി.എക്സ്' എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാം ചിത്രവും ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ഫാന്റസി ത്രില്ലറുമാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ഒരേസമയം തിയറ്ററുകളിലെത്തും.

ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ഗാനവും വലിയ ശ്രദ്ധ നേടിയിരുന്നു. മാസ്, സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

തെന്നിന്ത്യൻ നിരയും തകർപ്പൻ അണിയറയും

നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. തിരക്കഥ & സംഭാഷണം: സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു (തിരക്കഥ). ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ (സംഭാഷണം).

സാങ്കേതിക സംഘം: ജിംഷി ഖാലിദ് (ക്യാമറ), ജേക്സ് ബിജോയ് (സംഗീതം), അൻപറിവ് മാസ്റ്റേഴ്സ് (ആക്ഷൻ), ചമൻ ചാക്കോ (എഡിറ്റിംഗ്), അജയൻ ചാലിശ്ശേരി (പ്രൊഡക്ഷൻ ഡിസൈൻ). വേഫെറർ ഫിലിംസിന്റെ മുൻ ഹിറ്റ് ചിത്രം 'ലോക'യ്ക്ക് ശേഷം എത്തുന്ന ഈ മാസ്സ് ഫാന്റസി ത്രില്ലറിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Dulquer Salmaan’s big-budget fantasy thriller I’m Game has moved its worldwide theatrical release from August 20 to September 3. Directed by Nahas Hidhayath, the pan-Indian film will release in five languages. The delay supports a wider theatrical rollout, larger scale, and enhanced big-screen experience, according to the makers and Dulquer.