ഷൂട്ടിങ് പൂർത്തിയാക്കിയ ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് 'ഇന്ത്യൻ 3' സിനിമയുടെ അന്തിമരൂപം തയ്യാറാക്കാൻ അണിയറപ്രവർത്തകർ സംവിധായകൻ ശങ്കറിനോട് നിർദേശിച്ചതായി റിപ്പോർട്ട്. ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ കൂടി ചിത്രീകരിക്കാനായി 25 ദിവസത്തെ അധിക ഷൂട്ടിംഗ് ഷെഡ്യൂൾ വേണമെന്ന് ശങ്കർ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനി പുതിയ ഷൂട്ടിംഗിനായി തുക ചെലവഴിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നിർമാണക്കമ്പനി.
തമിഴ് സിനിമാ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരമനുസരിച്ച്, നിലവിൽ കൈവശമുള്ള ഫൂട്ടേജുകൾ രണ്ടാം ഭാഗത്തിന് ശേഷമുള്ള മൂന്നാം പതിപ്പിന് പൂർണമായും മതിയെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. അധിക ദിവസങ്ങൾ ഷൂട്ട് ചെയ്ത് ബജറ്റ് വീണ്ടും വർധിപ്പിക്കേണ്ടതില്ലെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിഷ്വൽ ഇഫക്ട്സ് ജോലികൾക്ക് ആവശ്യമായ തുക ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ ലഭ്യമാക്കാൻ ലൈക്ക സമ്മതിച്ചിട്ടുണ്ട്.
ചിത്രത്തിന്റേതായി എന്തെങ്കിലും ചിത്രീകരണം ഇനി ബാക്കിയുണ്ടെങ്കിൽ തന്നെ പരമാവധി രണ്ടു മുതൽ മൂന്നു ദിവസം കൊണ്ട് അത് തീർക്കാനാണ് തീരുമാനം. ഇതിനിടെ, ചിത്രത്തിനായുള്ള ഡബ്ബിങ് ജോലികൾ കമൽ ഹാസൻ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. വിഎഫ്എക്സ് ജോലികളും പോസ്റ്റ് പ്രൊഡക്ഷനും അതിവേഗം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം.
'ഇന്ത്യൻ 2' തിയേറ്ററുകളിൽ നേരിട്ട വലിയ തിരിച്ചടിയെ തുടർന്ന് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ മന്ദഗതിയിലായിരുന്നു. ഇന്ത്യൻ 2' ചിത്രീകരണ സമയത്ത് തന്നെ 'ഇന്ത്യൻ 3'-യുടെ 75 ശതമാനത്തോളം ഭാഗങ്ങളും പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിന് ലഭിച്ച നെഗറ്റീവ് പ്രതികരണങ്ങളെ തുടർന്ന് സിനിമയുടെ തുടർജോലികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
നിലവിൽ ബാക്കിയുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കി, 2027 പൊങ്കൽ റിലീസായോ അതല്ലെങ്കിൽ 2027 തുടക്കത്തിലോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. ഒരേസമയം ചിത്രീകരിച്ച രണ്ട് ഭാഗങ്ങളിൽ രണ്ടാം പതിപ്പ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും സ്വാതന്ത്ര്യ സമര സേനാനിയുടെ പശ്ചാത്തലത്തിലുള്ള മൂന്നാം ഭാഗത്തിന് മികച്ച ഉള്ളടക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. വരും ആഴ്ചകളിൽ സിനിമയുടെ റിലീസ് സംബന്ധിച്ച കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
Lyca Productions has reportedly rejected director Shankar’s request for 25 additional days of shooting for Kamal Haasan’s Indian 3. The production house reportedly wants to complete the film using the footage already available while continuing VFX and post-production work. The film is expected to target a release in early 2027, although an official release date is yet to be confirmed.