രജിനികാന്തിന്റെ ജയിലർ 2വിൽ മോഹൻലാലിന്റെ കഥാപാത്രമായ മാത്യുവിന് കൂടുതൽ പ്രാധാന്യമുണ്ടായിരുന്നുവെന്നും എന്നാൽ താരത്തിന്റെ മൂന്ന് ലുക്കുകൾ ഒഴിവാക്കിയെന്നും കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. ട്രെയിലറിലെ മോഹൻലാലിന്റെ രംഗവും വെട്ടിച്ചുരുക്കിയതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന് മറ്റൊരു തുടർഭാഗം ഒരുങ്ങുകയാണെങ്കിൽ അതിൽ പ്രവർത്തിക്കില്ലെന്നും ജിഷാദ് വ്യക്തമാക്കി.
“എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും ഒരു പ്രധാന കാര്യം പങ്കുവയ്ക്കാനുണ്ട്. ‘ജയിലർ 2’ റിലീസ് ചെയ്തതിനു പിന്നാലെയാണിത്. ചിത്രീകരിച്ച രംഗങ്ങൾ കണ്ടപ്പോൾ ഞങ്ങളുടെ ജോലിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോഴും ആ വിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണമായും ഒഴിവാക്കി. ട്രെയിലറിൽ ഉണ്ടായിരുന്ന ആ രംഗം പോലും വെട്ടിച്ചുരുക്കി,” സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ജിഷാദ് ഷംസുദ്ദീൻ വ്യക്തമാക്കി.
“സിനിമയിലെ എന്റെ അനുഭവത്തിൽ, മോഹൻലാൽ സാറിനെപ്പോലൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കേണ്ട ആവശ്യമില്ല. നമ്മുടെ സൂപ്പർതാരത്തെ ഇത്തരത്തിൽ ചുരുക്കിക്കാണുന്നതിൽ വിഷമമുണ്ട്. ചിത്രത്തിന് മറ്റൊരു തുടർഭാഗം ഉണ്ടാകുകയാണെങ്കിൽ ഞാൻ അതിന്റെ ഭാഗമാകില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു,“ ജിഷാദ് പറഞ്ഞു. അനുകൂല്യങ്ങൾക്കോ ലാഭത്തിനോ കോടികളുടെ ബോക്സ് ഓഫീസ് നേട്ടങ്ങൾക്കോ താരപദവിക്കോ വേണ്ടിയല്ല താൻ നിലകൊള്ളുന്നതെന്നും, ആരാധകർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും മോഹൻലാൽ സാറിനും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘ജയിലർ 2’വിൽ കുപ്രസിദ്ധ കള്ളക്കടത്തുകാരനായ മാത്യുവിനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രജിനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യന്റെ സുഹൃത്തായാണ് താരം ചിത്രത്തിലെത്തുന്നത്. തിളക്കമുള്ള വസ്ത്രങ്ങളും സൺഗ്ലാസുകളുമായിരുന്നു കഥാപാത്രത്തിന്റെ വേഷവിധാനത്തിലെ പ്രത്യേകതകൾ. എന്നാൽ ചിത്രത്തിൽ അവസാനം കൂടുതൽ രംഗങ്ങൾ മോഹൻലാലിനായി ചിത്രീകരിച്ചിരുന്നുവെന്നും കഥാപാത്രത്തിന്റെ ചില ഭാഗങ്ങൾ വെട്ടിച്ചുരുക്കിയെന്നുമാണ് ജിഷാദിന്റെ വെളിപ്പെടുത്തൽ.
‘ജയിലർ’ ആദ്യഭാഗത്തിൽ കുറഞ്ഞ സമയംകൊണ്ട് തിയറ്ററുകളിൽ ആവേശം തീർക്കാൻ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് കഴിഞ്ഞിരുന്നു. രജനികാന്തിന്റെ പ്രകടനത്തിനൊപ്പം മോഹൻലാലിന്റെ മാസ് എൻട്രിയും തമിഴകത്തും കേരളത്തിലും ഒരുപോലെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറഞ്ഞതും രംഗങ്ങൾ വെട്ടിമാറ്റിയതും ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ജിഷാദ് ഷംസുദ്ദീന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന് താഴെ നിരവധി പേരാണ് മോഹൻലാലിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
‘മോഹൻലാലിന് കൂടുതൽ സ്ക്രീൻ ടൈം കൊടുത്താൽ, രജനികാന്ത് പോലും പിന്നിലായിപ്പോകുമെന്ന് ഉറപ്പുള്ളതുകൊണ്ടാകാം ഇൻട്രോ സീൻ പോലും ഒഴിവാക്കിയത്’, ‘ലാലേട്ടന്റെ രംഗങ്ങൾ വെട്ടിമാറ്റിയത് ചതിയായിപ്പോയി’, ‘മോഹൻലാലിന് എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ സ്ക്രീൻ ടൈം എന്ന് ചിന്തിക്കുകയായിരുന്നു,’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങൾ. മോഹൻലാലിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് കമന്റുകളിൽ ഏറെയും.
Costume designer Jishad Shamsudeen has expressed disappointment over Mohanlal’s reduced screen time in Rajinikanth’s Jailer 2. He claimed three of the actor’s looks were removed and his trailer appearance was trimmed. Jishad also stated he would not work on another sequel, sparking discussions and fan reactions on social media.