Entertainment News

ടെലിവിഷൻ കോമഡിയുടെ മുഖച്ഛായ മാറ്റിയ ഇതിഹാസം; 'ഫ്രണ്ട്സ്' സംവിധായകൻ ജെയിംസ് ബറോസ് വിടവാങ്ങി

50 വർഷത്തിലേറെ നീണ്ട കരിയറിൽ 11 എമ്മി അവാർഡുകളും അഞ്ച് ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകളും ബറോസ് സ്വന്തമാക്കിയിട്ടുണ്ട്

Entertainment Desk

ഹോളിവുഡിലെ ഇതിഹാസ ടെലിവിഷൻ സംവിധായകനും ഫ്രണ്ട്സ്, ചിയേഴ്സ് തുടങ്ങിയ ജനപ്രിയ സിറ്റ്കോം പരമ്പരകളുടെ സംവിധായകനുമായ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു.

അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിൽ 1000ൽ പരം ടെലിവിഷൻ എപ്പിസോഡുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രണ്ട്സ്, ചിയേഴ്സ് എന്നിവയ്ക്ക് പുറമെ, വിൽ ആൻഡ് ഗ്രേസ്, ടാക്സി, ഫ്രേസിയർ, ദി മേരി ടൈലർ മൂർ ഷോ തുടങ്ങിയ എക്കാലത്തെയും മികച്ച കോമഡി പരമ്പരകളുടെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അദ്ദേഹമായിരുന്നു.

''എല്ലാവരെയും മികച്ചവരാക്കാനുള്ള അപൂർവ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. താൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും പേരുചൊല്ലി ഓർമ്മിക്കാനും, ഏത് തലത്തിലുള്ള സഹപ്രവർത്തകർക്കും തങ്ങൾ പരിഗണിക്കപ്പെടുന്നുണ്ടെന്നും വിലമതിക്കപ്പെടുന്നുണ്ടെന്നും തോന്നൽ ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു."- മരണം സ്ഥിരീകരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

'ചിയേഴ്സ്' (Cheers) താരങ്ങളായ ടെഡ് ഡാൻസൺ, ഷെല്ലി ലോംഗ് എന്നിവർക്കൊപ്പം ജെയിംസ് ബറോസ്.

പരമ്പരാഗത സിറ്റ്കോം നിർമ്മാണ രീതികളിൽ മാറ്റം വരുത്തി, ക്ലാസിക് ത്രീ-ക്യാമറ സെറ്റപ്പിൽ നിന്നും നാല് ക്യാമറകൾ ഉപയോഗിച്ചുള്ള ചിത്രീകരണ രീതി അവതരിപ്പിച്ചത് ബറോസാണ്. പുതിയ അഭിനേതാക്കളെ കണ്ടെത്തുന്നതിലും അവർക്ക് മികച്ച പരിശീലനം നൽകുന്നതിലും അദ്ദേഹം എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു.

50 വർഷത്തിലേറെ നീണ്ട കരിയറിൽ 11 എമ്മി അവാർഡുകളും അഞ്ച് ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകളും ബറോസ് സ്വന്തമാക്കിയിട്ടുണ്ട്. ടെലിവിഷന്‍ സംവിധാന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2015-ല്‍ ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

1940ൽ ലോസ് ഏഞ്ചൽസിൽ ജനിച്ച ജെയിംസ് ബറോസ് തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ന്യൂയോർക്കിലാണ്. അച്ഛൻ ആബെ ബറോസ് പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായിരുന്നു. ഇത് അദ്ദേഹത്തെ കലാജീവിതത്തിലേക്ക് തിരിയാൻ ഏറെ സ്വാധീനിച്ചിരുന്നു. യേൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് അദ്ദേഹം ടെലിവിഷൻ രംഗത്തേക്ക് ചുവടുവെക്കുന്നത്.

വിൽ ആൻഡ് ഗ്രേസ്' പരമ്പരയുടെ സെറ്റിൽ

1974ൽ 'ദ മേരി ടൈലർ മൂർ ഷോ'യിലൂടെയാണ് ജെയിംസ് ബറോസ് ടെലിവിഷൻ കരിയർ ആരംഭിക്കുന്നത്. 1982-ൽ, ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയവും ഐതിഹാസികവുമായ സിറ്റ്കോമുകളിലൊന്നിന് ബറോസ് സഹസ്രഷ്ടാവായി. ബോസ്റ്റണിലെ ഒരു ബാറിനുള്ളിൽ ഏതാണ്ട് പൂർണ്ണമായും ചിത്രീകരിച്ച ചിയേഴ്സ് എന്ന ഈ പരമ്പരയിൽ, ടെഡ് ഡാൻസൺ, ഷെല്ലി ലോംഗ്, കെൽസി ഗ്രാമർ, വുഡി ഹാരൽസൺ തുടങ്ങി നിരവധി താരങ്ങൾ രസകരമായ സ്ഥിരം കഥാപാത്രങ്ങളായി വേഷമിട്ടു.

ഒരു ദശാബ്ദത്തിലേറെക്കാലം സംപ്രേഷണം ചെയ്യപ്പെട്ട ഈ പരമ്പര, എൻബിസിയുടെ വ്യാഴാഴ്ച രാത്രികളിലെ "മസ്റ്റ് സീ ടിവി" പരിപാടികളിൽ വൻ ജനപ്രീതിയാണ് നേടിയത്. 117 നോമിനേഷനുകളിൽ നിന്നായി 28 എമ്മി അവാർഡുകളാണ് പരമ്പര വാരിക്കൂട്ടിയത്. 1993-ൽ സംപ്രേഷണം ചെയ്ത ഇതിന്റെ അവസാന എപ്പിസോഡ്, ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ സീരീസ് ഫിനാലെ എന്ന നേട്ടവും സ്വന്തമാക്കി. “മാഷ്” (MAS*H) എന്ന പരമ്പര മാത്രമാണ് ഈ നിരയിൽ ചിയേഴ്സിന് മുന്നിലുള്ളത്.

ജനപ്രീയ സിറ്റ് കോമുകളായ ടു ആന്റ് ഹാഫ് മെന്നിന്റേയും ദ ബിഗ് ബാങ് തിയറിയുടേയും പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ബറോസ് ആണ്. ഫ്രണ്ട്സ് താരങ്ങളായ മാറ്റ് ലെബ്ലാങ്ക്, ഡേവിഡ് ഷ്വിമ്മർ, ലിസ കുഡ്രോ, വിൽ ആൻഡ് ഗ്രേസ് താരം എറിക് മക്കോർമാക്ക് തുടങ്ങിയവർ ജെയിംസ് ബറോസിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ജിമ്മി തങ്ങൾക്ക് ഒരു സംവിധായകൻ മാത്രമായിരുന്നില്ല, മറിച്ച് പിതൃതുല്യനായ വഴികാട്ടി കൂടിയായിരുന്നുവെന്ന് താരങ്ങൾ അനുസ്മരിച്ചു. ഓരോ അഭിനേതാവിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനും, കഥകളെ കൂടുതൽ ഹൃദ്യവും മനോഹരവുമാക്കാനും അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Legendary Hollywood television director James Burrows, renowned for helming popular sitcoms such as Friends and Cheers, has passed away at the age of 85. Over a prolific career spanning more than half a century, he directed over 1,000 television episodes. He is widely celebrated as the creative mastermind behind the success of several all-time great comedy series, including Will & Grace, Taxi, Frasier, and The Mary Tyler Moore Show.