തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനായി അഭിനയിച്ച അവസാന ചിത്രം 'ജനനായകൻ' റിലീസ് ചെയ്തതിന്റെ ആഘോഷത്തിലാണ് സിനിമ പ്രേമികൾ. സെന്‍സര്‍ വിവാദത്തില്‍ കുരുങ്ങിയ ചിത്രം ആറുമാസത്തിന് ശേഷമാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ തന്നെ തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ഉല്‍സവമായി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ആയിരക്കണക്കിന് ആരാധകർ തിയറ്ററുകൾക്ക് മുന്നിൽ തടിച്ചുകൂടിയപ്പോൾ, ജപ്പാനിൽ നിന്ന് എത്തിയ രണ്ട് വനിതാ ആരാധകർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ചെന്നൈയിലെ റോഹിണി സിനിമാസ് തിയറ്ററിന് മുന്നിലെത്തിയ ഇരുവരും പരമ്പരാഗത ജാപ്പനീസ് കിമോണോ ധരിച്ചായിരുന്നു എത്തിയത്. കൈയിൽ ജാപ്പനീസ് വിശറികളും, വിജയ്ക്കായി പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകളുമുണ്ടായിരുന്നു. "Greatest of the Time Thalapathy Japan Fans" എന്നാണ് ഉയർത്തിപ്പിടിച്ചിരുന്ന പോസ്റ്ററിൽ എഴുതിയിരുന്നത്. തിയറ്ററിന് പുറത്ത് നിന്നുള്ള അവരുടെ ആവേശ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നിരവധി തിയറ്ററുകളിൽ വമ്പിച്ച ആഘോഷങ്ങളാണ് ഇന്ന് അരങ്ങേറിയത്. ചെണ്ടമേളം, വർണാഭമായ അലങ്കാരങ്ങൾ, ബാനറുകൾ, കൂറ്റൻ കട്ടൗട്ടുകൾ എന്നിവ ഒരുക്കിയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. മാത്രമല്ല, വിജയ്‌യുടെ അവസാന സിനിമയെന്ന പ്രാധാന്യം കണക്കിലെടുത്ത്, 'ജനനായകൻ' ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം കുറിക്കുമെന്നാണ് ട്രേഡ് വിദഗ്ധർ പ്രവചിച്ചിക്കുന്നത്.
അതേസമയം, 'ജനനായകൻ' സമൂഹമാധ്യമങ്ങളിലും സിനിമാ പ്രേമികൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ സ്ക്രീൻ പ്രസൻസിനെയും ചില മാസ് രംഗങ്ങളെയും നിരവധി ആരാധകർ പ്രശംസിക്കുന്നുണ്ടെങ്കിലും, തിരക്കഥ, അവതരണം, കഥാപാത്ര വികസനം, വില്ലൻ ട്രാക്ക് എന്നിവയെ വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ ചിത്രം പ്രേക്ഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ്‌യുടെ നായികയായി പൂജ ഹെഗ്ഡെയാണ് എത്തുന്നത്. ബോബി ഡിയോൾ വില്ലനായി അഭിനയിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു, നരേൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Jana Nayagan, the final film of Tamil Nadu Chief Minister C. Joseph Vijay, released to grand celebrations across Tamil Nadu and Kerala. Japanese fans in traditional kimonos attended the FDFS in Chennai. While the film witnessed massive fanfare and strong box office expectations, it has received mixed reviews for its screenplay and execution.