തന്റെ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് വ്യാജ വിഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതില്‍ പ്രതികരിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. 'ദേവര' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യിലെ ജാന്‍വി കപൂറിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യമാക്കി മാറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ ജൂനിയര്‍ എന്‍ടിആറും വിജയ് ദേവരകൊണ്ടയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപമാനകരവും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ജാന്‍വി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ ഒരു പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് ജാന്‍വി തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നതിന് സാങ്കേതികവിദ്യ ക്രിമിനല്‍ രീതിയില്‍ ദുരുപയോഗം ചെയ്യുന്നത് ലൈംഗിക അതിക്രമത്തിന് തുല്യമാണെന്ന് അവര്‍ കുറിച്ചു. ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഇത്തരം ഡിജിറ്റല്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നും ജാന്‍വി പറഞ്ഞു.
സമ്മതം (കണ്‍സെന്റ്) എന്നത് സങ്കീര്‍ണ്ണമായ വിഷയമായി ചിത്രീകരിക്കരുതെന്ന് ജാന്‍വി ആവശ്യപ്പെട്ടു. 'സമ്മതം, തിരഞ്ഞെടുപ്പ്, ഒരു സ്ത്രീയുടെ ശരീരത്തോടുള്ള ആദരവ് എന്നിവ മനുഷ്യത്വത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ്. തുടര്‍ച്ചയായി അഞ്ച് ദിവസം ഒരു സ്ത്രീ 'യെസ്' എന്ന് പറയുകയും ആറാം ദിവസം 'നോ' എന്ന് പറയുകയും ചെയ്താല്‍ ആ 'നോ'യെ ബഹുമാനിക്കാന്‍ ചിലര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു. ഒരു സ്ത്രീ മിനിസ്‌കര്‍ട്ട് ധരിക്കുന്നു എന്നതിനര്‍ഥം അവളുടെ സ്‌കര്‍ട്ടിനടിയിലേക്ക് ക്യാമറ പിടിക്കാനോ അവളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ ഉള്ള അനുവാദമല്ല. ഒരു സ്ത്രീയുടെ ചോയിസുകള്‍ എന്താണ്? എവിടെയാണ് അതിര്‍വരമ്പ് നിശ്ചയിക്കുന്നത്? സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണം? എന്നെല്ലാം തീരുമാനിക്കുന്നത് തികച്ചും അവളുടെ മാത്രം അവകാശമാണ്', ജാന്‍വി കുറിച്ചു.
ഇത് വെറുമൊരു എഐ വീഡിയോയുടെ മാത്രം വിഷയമല്ലെന്നും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ ഭീഷണികളുടെയും കാഴ്ചപ്പാടുകളുടെയും വലിയൊരു യാഥാര്‍ഥ്യമാണെന്നും ജാന്‍വി പറഞ്ഞു. പെണ്‍മക്കളെ സംരക്ഷിക്കുക എന്ന് മാത്രം പറയുന്നതിന് പകരം, മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള അവകാശമുണ്ടെന്ന ചിന്താഗതി തിരുത്തുകയാണ് വേണ്ടതെന്നും ജാന്‍വി വ്യക്തമാക്കി.
പിന്തുണയുമായി ചലച്ചിത്രലോകം
പ്രശ്‌നത്തില്‍ പരസ്യമായി രംഗത്തുവരികയും അധിക്ഷേപത്തെ അപലപിക്കുകയും ചെയ്ത 'ദേവര'യിലെ സഹതാരം ജൂനിയര്‍ എന്‍ടിആറിന് ജാന്‍വി പ്രത്യേകം നന്ദി രേഖപ്പെടുത്തി. എന്‍ടിആറിന് പുറമെ പിന്തുണയുമായി എത്തിയ ചിരഞ്ജീവി, വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദര്‍ എന്നിവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. ഈ പ്രവര്‍ത്തി 'അറപ്പുളവാക്കുന്നതും ക്രൂരവും ലജ്ജാകരവുമാണ്' എന്ന് വിശേഷിപ്പിച്ച എന്‍ടിആര്‍, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിഷയത്തില്‍ തെലുങ്ക് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി എഐ ദുരുപയോഗത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ചിരഞ്ജീവി വ്യക്തമാക്കി.
ജാന്‍വിയും ജൂനിയര്‍ എന്‍ടിആറും അഭിനയിച്ച 'ചുട്ടമല്ലെ' പാട്ടിലെ രംഗങ്ങള്‍ ഡിജിറ്റലായി മാറ്റം വരുത്തി ലൈംഗികമായി അധിക്ഷേപിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെയും ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ കൃത്യമായ മേല്‍നോട്ടത്തെക്കുറിച്ചും സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.