Entertainment News

വായിച്ചറിഞ്ഞ 'കറുത്തച്ചനൂട്ട്’ ബിഗ് സ്‌ക്രീനിൽ കാണാനാവുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ജയസൂര്യ-ജിതിൻ കെ ജോസ് ചിത്രം

ജയസൂര്യ–ജിതിൻ കെ ജോസ് ചിത്രത്തിൽ ‘കറുത്തച്ചനൂട്ട്’ പ്രമേയമാകുമോയെന്ന സംശയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ

Entertainment Desk

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിനുശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ നായകനായി എത്തുന്ന ഈ ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ വിജയചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തിരക്കഥ ഒരുക്കുന്നത് റാഫിയും ജിതിൻ കെ ജോസും ചേർന്നാണ്.

ചിത്രവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ കുറിപ്പുമാണ് ശ്രദ്ധ നേടുകയാണ്. “തൽപ്പരകക്ഷികൾക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേർച്ചയിലേക്ക് സ്വാഗതം,” എന്ന കുറിപ്പോടെയാണ് ഒരു നിഗൂഢലോകത്തിന്റെ സൂചന നൽകുന്ന, സംവിധായകനൊപ്പമുള്ള ചിത്രം ജയസൂര്യ ഉൾപ്പെടെയുള്ളവർ പങ്കുവെച്ചത്. ഇതോടെ ചിത്രം സംസാരിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി.

പുരാതന ക്രിസ്തീയ കുടുംബങ്ങളിൽ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുമോയെന്ന ചർച്ചകളാണ് ഇപ്പോൾ ശക്തമാകുന്നത്. അത്തരം ഒരു പശ്ചാത്തലത്തിലൂടെയാണോ കഥ മുന്നോട്ടുപോകുന്നതെന്ന സംശയവും ഉയരുന്നു. പ്രേക്ഷകരുടെ ഈ വ്യാഖ്യാനങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലുള്ള സൂചനകളാണ് നായകനും സംവിധായകനും നിർമാതാവും പങ്കുവെച്ച പോസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായത്.

മലയാള സാഹിത്യത്തിൽ പലവട്ടം പരാമർശിക്കപ്പെട്ട വിഷയമാണ് ‘കറുത്തച്ചനൂട്ട്’. ഈ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഫ്രാൻസിസ് ഇട്ടിക്കോര, മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങിയ കൃതികളിലൂടെ വായനക്കാർ പരിചയപ്പെട്ട ആ ഇരുണ്ട ലോകത്തെ സിനിമയായി അവതരിപ്പിക്കുമോ എന്ന ആകാംക്ഷയാണ് സിനിമാപ്രേമികളിൽ ഉയരുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ രഹസ്യ ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നതാണോ എന്ന ചോദ്യവും ചിത്രം ഉയർത്തുമോയെന്നതാണ് ഇപ്പോഴത്തെ ചർച്ചകളുടെ സാരം.

ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ ചിത്രം ഒരുങ്ങുന്നതെന്ന കാര്യത്തിൽ അണിയറ പ്രവർത്തകരിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും പുറത്തുവരുന്ന സൂചനകൾ പ്രേക്ഷകരുടെ ശ്രദ്ധ ആ ദിശയിലേക്ക് തിരിക്കുന്നതാണ്. അർദ്ധരാത്രിയിൽ അരങ്ങേറുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന രഹസ്യ വിരുന്ന് വെള്ളിത്തിരയിൽ എത്തുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരിൽ പലരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒമാരായ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

English Summary :The upcoming film directed by Jithin K. Jose, following his previous project, has sparked discussion on social media. The movie stars Jayasurya in the lead and is produced by Magic Moon Productions.