ഇന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’. മലയാളത്തിൽ ആരംഭിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസി പിന്നീട് വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്കുകളിലൂടെ വ്യാപിച്ചതോടെ, മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് രാജ്യവ്യാപകമായി തന്നെ ശക്തമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകളെക്കുറിച്ചും ജീത്തു ജോസഫ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിശദീകരണം നൽകിയത്.
മലയാളവും ഹിന്ദിയും തമ്മിലുള്ള പ്രേക്ഷകാഭിരുചികളിലെ വ്യത്യാസം പരിഗണിച്ചാണ് ഹിന്ദി ‘ദൃശ്യം’ സിനിമകൾ തയ്യാറാക്കിയതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ഒന്നും രണ്ടും ഭാഗങ്ങളിൽ തന്നെ അതിനനുസരിച്ച മാറ്റങ്ങൾ വരുത്തിയിരുന്നു. മൂന്നാം ഭാഗവും അതേ രീതിയിൽ തന്നെയാകും ഹിന്ദിയിൽ ഒരുക്കുക. ആദ്യഘട്ടത്തിൽ രണ്ട് ഭാഷകളിലെയും മൂന്നാം ഭാഗങ്ങൾ ഒരേസമയം പുറത്തിറക്കണമെന്ന നിർദേശം വന്നിരുന്നെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അത് സാധ്യമല്ലെന്ന് വ്യക്തമാക്കിയതായും ജീത്തു പറഞ്ഞു.
മലയാളം പതിപ്പിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സിനിമയുടെ തിയേറ്ററിക്കൽ അവകാശങ്ങൾ മുഴുവൻ ഹിന്ദി നിർമാതാക്കൾ സ്വന്തമാക്കിയതായും, നിർമാതാവായ ആന്റണിയെ അമ്പരപ്പിക്കുന്ന തരത്തിലുള്ള വലിയ ഓഫറായിരുന്നു ലഭിച്ചതെന്നും ജീത്തു വ്യക്തമാക്കി. അത്തരമൊരു അവസരം അപൂർവമാണെന്നും അത് സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് താൻ അഭിപ്രായപ്പെട്ടതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
‘ദൃശ്യം 3’യുടെ മലയാളം പതിപ്പ് ലോകവ്യാപകമായി ഏപ്രിൽ 2ന് പുറത്തിറങ്ങുമെന്ന പ്രഖ്യാപനമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലേക്കാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രത്തിനായി തീരുമാനിക്കപ്പെട്ടിരുന്ന അക്ഷയ് ഖന്നയുടെ പിന്മാറ്റം നേരത്തെ ശ്രദ്ധേയമായ വിഷയമായിരുന്നു. അഭിഷേക് പഥക് ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം’ മലയാള സിനിമയിലെ ത്രില്ലർ ശൈലിയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ച ചിത്രമായി മാറിയിരുന്നു. ആദ്യ ഭാഗം തിയേറ്ററുകളിൽ നിന്ന് നേടിയ വരുമാനം ഏകദേശം 75 കോടി രൂപയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്കായും എത്തിയിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
English Summary: Director Jeethu Joseph explains the Hindi remake of Drishyam 3, highlighting audience preferences, production decisions, and release timelines