ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തോടു വർഷങ്ങൾക്കു ശേഷവും മലയാളികൾക്കുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് മൂന്ന് ഭാഗങ്ങളിലും കണ്ടതുമാണ്
എല്ലാവർക്കും അറിയുന്നതുപോലെ ദൃശ്യത്തിലെ ജോർജുകുട്ടിയാകാൻ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയാണ്. എന്നാൽ മറ്റു ചില സിനിമ തിരക്കുകൾ കാരണം മമ്മൂട്ടി ദൃശ്യത്തിനു ഡേറ്റ് നൽകിയില്ല. ദൃശ്യത്തിൽ മമ്മൂട്ടിയായിരുന്നു ജോർജുകുട്ടിയെങ്കിൽ കഥയിൽ മാറ്റം വരുത്തുമോയെന്ന ചോദ്യത്തിനു 'ഇല്ല' എന്നാണ് ജീത്തു ജോസഫ് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
''മമ്മൂട്ടി സാറാണ് ജോർജുകുട്ടി ആകുന്നതെങ്കിലും സിനിമയുടെ കഥയിൽ മാറ്റം വരുത്തില്ലായിരുന്നു. മമ്മൂട്ടി സാർ അദ്ദേഹത്തിന്റേതായ രീതിയിൽ ആയിരിക്കും ഈ കഥാപാത്രം ചെയ്യുന്നത്. അദ്ദേഹവും ഇന്ത്യയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ്. തമിഴിലേക്ക് ആക്കിയപ്പോൾ കമൽ സാർ (കമൽഹാസൻ) അദ്ദേഹത്തിന്റേതായ മാനറിസത്തിൽ ആണല്ലോ ആ കഥാപാത്രം ചെയ്തത്. അതുപോലെ മമ്മൂട്ടി സാറും അദ്ദേഹത്തിന്റേതായ രീതിയിൽ ചെയ്യും,'' ജീത്തു പറഞ്ഞു.
മമ്മൂട്ടിയാണ് ദൃശ്യം ചെയ്യുന്നതെങ്കിലും ഇതുപോലെ തന്നെ നന്നായിവരുമെന്ന് പഴയൊരു അഭിമുഖത്തിലും ജീത്തു പറഞ്ഞിട്ടുണ്ട്. ''മമ്മൂക്ക ആയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നേനെ. മമ്മൂക്ക ചെയ്താലും ആ പടം നന്നായിട്ട് തന്നെ വരും. മമ്മൂക്ക, ലാലേട്ടൻ ഇവർ രണ്ടുപേരും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും ആ പടത്തിനു വലിയ സ്വീകാര്യത ലഭിക്കും. അവര്‍ രണ്ടുപേരും ജീവിക്കുന്ന പ്രതിഭകളാണ്. നല്ല ആർട്ടിസ്റ്റുകളാണ്. പക്ഷേ വേറൊരു ലെവലിലുള്ള, താഴെ റേഞ്ചിലുള്ള ഒരു ആർട്ടിസ്റ്റ് ചെയ്താലും സിനിമ നന്നാവുമായിരുന്നു. നല്ല സിനിമയാകും. പക്ഷേ ഇവർ പുഷ് ചെയ്യുന്ന ലെവലിലേക്ക് എത്തില്ലായിരുന്നു,'' എന്നാണ് ജീത്തു അന്ന് പറഞ്ഞത്.
ദൃശ്യത്തിന്റെ കഥ താനാണ് ആദ്യം കേട്ടതെന്ന് മമ്മൂട്ടിയും സമ്മതിച്ചിട്ടുണ്ട്. ആ സമയത്ത് ഒരുപാട് കുടുംബ ചിത്രങ്ങളിൽ താൻ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൃശ്യവും ഒരു കുടുംബചിത്രമാണ്. അങ്ങനെ ചില അപ്പോഴത്തെ ബുദ്ധിമുട്ടുകൾ കാരണമാണ് ദൃശ്യം ചെയ്യാൻ പറ്റാതെ പോയതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
Director Jeethu Joseph revealed that the story of the Drishyam franchise would not have changed even if Mammootty had played Georgekutty instead of Mohanlal. It is well known that Jeethu Joseph had initially approached Mammootty for the lead role in the first Drishyam, but the actor was unable to commit due to scheduling conflicts.