Entertainment News

'തമിഴകം കത്തുന്ന അപ്ഡേറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ'; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ജിഷാദ് ഷംസുദ്ദീൻ പങ്കുവച്ച എഐ ചിത്രം

മിഥുൻ ചക്രവർത്തി അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ ചിത്രത്തിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു

Madism Desk

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ 'ജയിലർ' 2023-ൽ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ തുടർച്ചയായ 'ജയിലർ 2'വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്.

ഇപ്പോഴിതാ, മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രജനികാന്ത്, മോഹൻലാൽ, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ എന്നിവരെ ഒരുമിച്ച് കാണിക്കുന്ന എഐ ജനറേറ്റഡ് ഇമേജായായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. "ഇത്തരം ഒരു ഫ്രെയിം ബിഗ് സ്ക്രീനിൽ കിട്ടിയിരുന്നെങ്കിൽ" എന്ന അടിക്കുറിപ്പിനൊപ്പം "കണ്ടിപ്പാ ഇറുക്കും" എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 'ജയിലറി'ൽ മോഹൻലാലിന്റെ മാത്യു കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദായിരുന്നു. 'ജയിലർ 2'വിലും അദ്ദേഹം മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായി തുടരുന്നുണ്ട്. ഈ പോസ്റ്റ് ചിത്രത്തിൽ ഈ സൂപ്പർതാരങ്ങൾ ഒരുമിക്കുമെന്ന സൂചനയായാണ് ആരാധകർ വ്യാഖ്യാനിക്കുന്നത്.

മിഥുൻ ചക്രവർത്തി അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ ചിത്രത്തിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് രജനികാന്തിനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാകുമെന്ന പ്രതീക്ഷയും ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് ഖാൻ രജനികാന്തിന്റെ അടുത്ത സുഹൃത്തിന്റെയോ വിശ്വസ്തന്റെയോ വേഷത്തിലെത്തുമെന്നാണ് സൂചന.

ആദ്യ ഭാഗത്ത് രജനികാന്തിനൊപ്പം രമ്യാ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, യോഗി ബാബു, മിർണ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്‌റോഫ് എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധേയമായിരുന്നു. തുടർച്ചയിൽ രജനികാന്തും രമ്യാ കൃഷ്ണനും മോഹൻലാലും ശിവരാജ് കുമാറും തങ്ങളുടെ കഥാപാത്രങ്ങളെ ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, വിജയ് സേതുപതി, എസ്.ജെ. സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുമെന്ന സൂചനകളുണ്ട്.

English Summary: An AI image shared by Jishad Shamsudheen, stylist of Mohanlal, has sparked discussions online. The image features Rajinikanth, Mohanlal, Shah Rukh Khan, and Shivarajkumar together, leading fans to speculate about their possible appearance in Jailer 2.