Entertainment News

'16 ഫോൺ തല്ലിപ്പൊളിച്ചെന്ന്, ഇതൊക്കെ വിശദീകരിക്കേണ്ടത് എന്റെ ഗതികേട്'; തുറന്നടിച്ച് ജോജു

പെയ്ഡ് പി ആർ ക്യാമ്പയിനുകൾ മലയാള സിനിമയിൽ സാധാരണമാണെന്നും ഇത് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നടൻ

Entertainment Desk

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പി ആർ ക്യാമ്പയിൻ നടത്തുകയാണെന്ന് ജോജു ജോർജ് .'വരവ്' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ലൈവിലാണ് ആരോപണം. തന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം നടക്കുന്നതെന്ന് ജോജു ആരുടെയും പേര് പറയാതെ ആരോപിച്ചു.

പെയ്ഡ് പി ആർ ക്യാമ്പയിനുകൾ മലയാള സിനിമയിൽ സാധാരണമാണെന്നും ഇത് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും എന്നാൽ ഞാൻ ആരുടേയും പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ലൈവിൽ വ്യക്തമാക്കി. ആരോപണങ്ങൾ തന്നെ മോശം വ്യക്തിയും പ്രശ്നക്കാരനുമായി വരുത്തിത്തീർക്കുന്നുവെന്നും ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് തന്നെ മോശമായി ബാധിക്കുന്നുവെന്നും ജോജു പറയുന്നു.

'ഞാൻ 16 ഫോൺ തല്ലിപ്പൊളിച്ചെന്നും എന്റെ ശമ്പളം അഞ്ചുകോടിയാണെന്നും പറഞ്ഞ് ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. എന്റെ ശമ്പളം എത്രയാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും. അതിന്റെ പകുതിയുടെ പകുതി തന്നാലും ഞാൻ റെഡിയാണ്. വസ്തു നിഷ്ഠമല്ലാതെ ആരോ പറയുന്നത് കേട്ട് വീഡിയോ ചെയ്യുന്നു. അത് എന്നെയും എന്റെ സിനിമയെയും ചുറ്റിപറ്റി നിൽക്കുന്ന ആളുകളെ ദോഷകരമായി ബാധിക്കുന്നു.

ജോഷി സാറിന്റെ കൂടെ മൂന്നാമത്തെ ചിത്രം ചെയ്യാൻ പോവുകയാണ്. ഞാൻ പ്രശ്നക്കാരനാണെങ്കിൽ ജോഷി സാർ എന്നെ വിളിക്കുമോ? എന്റെ അഭിനയം കണ്ടിട്ട് പ്രേക്ഷകർ തരുന്ന പിന്തുണയിൽ മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഇതൊക്കെ സംസാരിക്കേണ്ടി വരുന്നത് എന്റെ ഗതികേടാണ്', നടൻ കൂട്ടിച്ചേർത്തു .

എ കെ സാജൻ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'വരവ്'. സിനിമ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ഇതുവരെ ലഭിച്ചത്.

Actor Joju George has alleged that a leading Malayalam actor and his wife have been running a paid PR campaign against him and his family to damage his reputation and career. Speaking during an Instagram Live session to promote his upcoming film Varavu, Joju claimed that false narratives, including recent allegations that he smashed multiple mobile phones on a film set, were part of an organised attempt to portray him negatively. He denied the accusations, saying they were intended to discourage filmmakers from working with him.