ശബരി സ്വർണപാളി വിവാദത്തിൽ ജയറാമിനെ ചോദ്യം ചെയ്‌തെന്ന വാർത്തയിൽ പ്രതികരിച്ച് മകനും നടനുമായ കാളിദാസ് ജയറാം. 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടയിലാണ് ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തെന്ന വാർത്തയോട് കാളിദാസ് പരോക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
'അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെ പോലെയോ ആളുകൾക്ക് തോന്നിയിട്ടുള്ള നടനാണ് ജയറാം. ഏതെങ്കിലും ഒരു ജയറാം സിനിമയുടെ റഫറൻസ് ഇല്ലാതെ മലയാളിയുടെ ഒരു ദിവസം മുന്നോട്ടു പോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർന്നു പോകുന്നത്. ഇന്നത്തെ ഒരു വാർത്ത കണ്ടപ്പോൾ, അപ്പ കുമ്പിടിയാണെന്ന് താൻ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളിൽ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാൻ സാധിക്കുമെന്നാണ് താൻ ആലോചിച്ചത്'- എന്നായിരുന്നു കാളിദാസിന്റെ പ്രതികരണം.
സ്വർണപാളി വിവാദ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യം ചെയ്തുവെന്നായിരുന്നു അന്വേക്ഷണ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച നൽകിയ വിവരം. അതേസമയം സ്വർണ്ണപ്പാളികൾ എന്തുചെയ്തുവന്നതിൽ തനിക്ക് യാതൊരു തരത്തിലുമുള്ള വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘം മുൻപാകെ ജയറാം നൽകിയ മൊഴി എന്നാണ് പുറത്തു വരുന്നത്.
23 വർഷങ്ങൾക്കുശേഷം ജയറാമും കാളിദാസ് ജയറാമും ഒരുമിക്കുന്ന ചിത്രമാണ് 'ആശകൾ ആയിരം'. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ഒരുവടക്കൻ സെൽഫി' എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിരം' നിർമിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്മൂർത്തിയും ചേർന്നാണ്. ഫെബ്രുവരി ആറിന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
English Summary: Actor Kalidas Jayaram indirectly responded to reports that his father Jayaram was questioned in the Sabarimala gold smuggling case, calling the news confusing and unrealistic, during the trailer launch of Aashakal Aayiram