Entertainment News

'അത് വെറും കെട്ടുകഥ'; ചുംബന രംഗ വിവാദത്തില്‍ പ്രതികരണവുമായി വീർ ദാസും കങ്കണ റണാവത്തും

വാർത്ത പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയെ കടുത്ത ഭാഷയിൽ പരിഹസിച്ചായിരുന്നു കങ്കണയുടെ പ്രതികരണം

Entertainment Desk

2014-ൽ പുറത്തിറങ്ങിയ 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ ചുംബനരംഗത്തിനിടെ ബോളിവുഡ് താരവും രാഷ്ട്രീയപ്രവർത്തകയുമായ കങ്കണ റണാവത്ത് സഹനടൻ വീർ ദാസിനെ പരിക്കേൽപ്പിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കെതിരെ താരങ്ങൾ തന്നെ രംഗത്ത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വാർത്ത തികച്ചും വ്യാജമാണെന്ന് നടനും സ്റ്റാൻഡ്-അപ്പ് കോമഡിയനുമായ വീർ ദാസ് വ്യക്തമാക്കി. ഇതിന് പിന്നാലെ വാർത്തയെ പരിഹസിച്ച് കങ്കണയും രംഗത്തെത്തിയിട്ടുണ്ട്.

ഒരു പ്രമുഖ മാധ്യമപ്രവർത്തക സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ നടത്തിയ പരാമർശത്തോടെയാണ് വർഷങ്ങൾ പഴക്കമുള്ള ഈ വിവാദം വീണ്ടും ചർച്ചയായത്. ചിത്രത്തിലെ തീവ്രമായ ഒരു ചുംബനരംഗത്തിനിടെ സംവിധായകൻ 'കട്ട്' പറഞ്ഞിട്ടും കങ്കണ നിർത്തിയില്ലെന്നും, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു ഇവരുടെ അവകാശവാദം.വിഷയത്തിൽ പ്രതികരണവുമായി വീർ ദാസ് രംഗത്തെത്തി

ഒരു കാര്യം വ്യക്തമാക്കാം, ഈ പ്രചരിക്കുന്ന കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റിൽ തികച്ചും പ്രൊഫഷണൽ ആയി പെരുമാറുന്ന ഒരാളാണ്. അവർ കഴിവുള്ള ഒരു കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഇത്തരം അപവാദങ്ങൾ അവരോട് കാണിക്കുന്ന അനീതിയാണ്. എന്റെ കോമഡിയുടെ പേരിൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർ എന്നെ ഭീകരവാദി എന്ന് വിളിച്ചിട്ടുണ്ടാകാം, പക്ഷേ സെറ്റിൽ ഞങ്ങളോടൊപ്പം യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല

വീർ ദാസിന്റെ പോസ്റ്റിന് മറുപടിയായി കങ്കണയും രംഗത്തെത്തി. വാർത്ത പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയെ കടുത്ത ഭാഷയിൽ പരിഹസിച്ചായിരുന്നു കങ്കണയുടെ പ്രതികരണം.

നന്ദി വീർ, പക്ഷേ ആരാണ് ആ സ്ത്രീ? കഷ്ടം, തങ്ങളുടെ വിചിത്രമായ ലൈംഗിക ഫാന്റസികൾക്ക് വേണ്ടി നമ്മളെ ഉപയോഗിക്കുന്ന ആരോ ആണെന്ന് തോന്നുന്നു. ഞാൻ നിങ്ങളുടെ ചോര കുടിക്കുന്നു, ഒരു പതിറ്റാണ്ടിന് ശേഷവും നിങ്ങൾ ആ വേദനയിൽ കരയുന്നു എന്നൊക്കെ പറയുന്നത് എത്ര വിചിത്രമാണ്!

കങ്കണ എക്സിൽ കുറിച്ചു.മുമ്പ് 2023-ലും സമാനമായ വാർത്തകൾ പ്രചരിച്ചപ്പോൾ "ഹൃത്വിക് റോഷന് ശേഷം ഞാൻ പാവം വീർ ദാസിന്റെയും മാനം കവർന്നോ?" എന്ന് കങ്കണ പരിഹാസത്തോടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

'റിവോൾവർ റാണി' യിൽ കങ്കണ ടൈറ്റിൽ റോളിലെത്തിയപ്പോൾ വീർ ദാസ് റോഹൻ മെഹ്‌റ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. അമീർ ഖാൻ പ്രൊഡക്ഷൻസിന്റെ 'ഹാപ്പി പട്ടേൽ, ഖതർനാക് ജാസൂസ്' ആണ് വീർ ദാസിന്റെ ഏറ്റവും പുതിയ ചിത്രം. 'ഭാരത് ഭാഗ്യ വിധാതാ' എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്.

Actors Vir Das and Kangana Ranaut have dismissed viral claims that an on-screen kissing scene in Revolver Rani resulted in an injury. Vir Das called the story "pure fiction," while Kangana mocked the rumors on social media.