തെന്നിന്ത്യയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കയാദു ലോഹർ. മലയാളത്തിൽ 'പത്തൊൻപതാം നൂറ്റാണ്ട്', 'പള്ളിച്ചട്ടമ്പി' എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ എത്തിയശേഷവും അതിനു മുൻപും താൻ നേരിട്ടിട്ടുള്ള പല മോശം അനുഭവങ്ങളെയും കുറിച്ച് കയാദു തുറന്നുപറഞ്ഞിട്ടുണ്ട്.
വിദ്യാർഥിയായിരിക്കെ താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ഈയിടെ നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ട്യൂഷനു പോകുമ്പോൾ സ്ഥിരമായി വീടിനു അടുത്തുള്ള ചില ആൺകുട്ടികൾ തന്നെ ശല്യം ചെയ്യാറുണ്ടെന്നും പലവട്ടം അവഗണിക്കുകയും ക്ഷമ നഷ്ടപ്പെട്ട് ഒരിക്കൽ വളരെ ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെന്നുമുണ്ടെന്നുമാണ് കയാദു പറഞ്ഞത്.
''ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്തുണ്ടായ സംഭവമാണ്. പത്താം ക്ലാസിൽ ആയിരുന്നപ്പോൾ വൈകിട്ട് ട്യൂഷനു പോയിരുന്നു. വീടിനടുത്തായിരുന്നു ട്യൂഷൻ. ട്യൂഷൻ ക്ലാസിലേക്കു പോകുന്ന വഴി ചില ആൺകുട്ടികൾ എന്നെ കളിയാക്കുന്ന പതിവുണ്ട്. ആദ്യ രണ്ട് ദിവസമൊക്കെ, 'സാരമില്ല, കണ്ടില്ലെന്നു വയ്ക്കാം' എന്നാണ് ഞാൻ ചിന്തിച്ചത്. മൂന്നാം ദിവസം അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞില്ല. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നിലത്തുനിന്ന് കല്ലെടുത്ത് അവരെ ഉന്നംവെച്ച് എറിഞ്ഞു. കല്ല് ഒരു ആൺകുട്ടിയുടെ തലയിൽ കൊണ്ട് ചോര വരാൻ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഞാൻ അങ്ങനെ പ്രതികരിച്ചുപോയി,'' കയാദു പറഞ്ഞു.
"കല്ലെറിഞ്ഞ് ആരുടെയെങ്കിലും തലയിൽ മുറിവേൽപ്പിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. പക്ഷേ അങ്ങനെ ചെയ്യാനാണ് ആ സമയത്ത് തോന്നിയത്. ആരെങ്കിലും നമ്മളോടു മോശമായി പെരുമാറുമ്പോൾ അതെല്ലാം സഹിച്ച് മിണ്ടാതെ നിൽക്കണമെന്നില്ല. നിങ്ങൾ തീർച്ചയായും തിരിച്ചടിക്കണം," താരം പറയുന്നു.
ജീവിതത്തിൽ വെല്ലുവിളികൾ എല്ലാവർക്കുമുണ്ടാകാമെങ്കിലും അവയെ അതിജീവിച്ച് മുന്നേറുന്നതാണ് ഏറ്റവും പ്രധാനമെന്നും കയാദു അഭിമുഖത്തിൽ പറഞ്ഞു. വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പങ്കുവയ്ക്കുന്നത് സമാന സാഹചര്യങ്ങൾ നേരിടുന്ന മറ്റുള്ളവർക്കു പ്രചോദനമാകുമെന്ന വിശ്വാസവും താരം പ്രകടിപ്പിച്ചു.
2021- ൽ മുഗിൽപേട്ടെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മലയാളത്തിൽ പത്തൊൻപതാം നൂറ്റാണ്ട്, പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ കരിയറിൽ വഴിത്തിരിവായക് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രാഗൺ ആണ്. ആകാശ് ഭാസ്കരൻ സംവിധാനം ചെയ്ത് അഥർവ നായകനാകുന്ന 'ഇദയം മുരളി', മാരിയപ്പൻ ചിന്നയുടെ സംവിധാനത്തിൽ ജിവി പ്രകാശ് കുമാർ നായകനാകുന്ന 'ഇമ്മോർട്ടൽ' എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോള്‍. ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം', പൃഥ്വിരാജ് സുകുമാരന്റെ 'ഖലീഫ', നാനിയുടെ 'ദി പാരഡൈസ്' എന്നീ വമ്പൻ ചിത്രങ്ങളും കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
South Indian actress Kayadu Lohar has opened up about a disturbing incident of harassment she faced while studying in Class 10. In a recent interview, Kayadu revealed that a group of boys regularly harassed her on the way to her tuition classes. After ignoring them for a couple of days, she eventually lost her temper and threw a stone at them, which struck one of the boys on the head.