Entertainment News

നശിച്ചുപോയ ഒറിജിനല്‍; ആര്‍ക്കൈവ്‌സില്‍ നിന്ന് 4K യില്‍ പുനര്‍ജനിച്ച കിരീടം, തുണയായത് 35 എംഎം റിലീസ് പ്രിന്റ്

മുപ്പതിലധികം വര്‍ഷങ്ങളായി ചിത്രത്തിന്റെ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിരുന്ന 35 എംഎം പ്രിന്റ് ആണ് സിനിമയുടെ 4K പുനഃസൃഷ്ടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

Entertainment Desk

മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് മലയാള ചിത്രം കിരീടം 4 k ദൃശ്യമികവില്‍ റീ റിലീസിന് ഒരുങ്ങുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വീണ്ടും ബിഗ് സ്‌ക്രിനിലേക്ക് എത്തുമ്പോള്‍ ഈ പുനഃസൃഷ്ടിയിലേക്ക് അണിയറ പ്രവര്‍ത്തകര്‍ പിന്നിട്ടത് വലിയ കടമ്പകള്‍.

1989-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് കാലപ്പഴക്കം എന്നിവയാല്‍ നശിച്ചുപോയതിനാല്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ഈ അവസരത്തിലാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ തുണയാകുന്നത്. മുപ്പതിലധികം വര്‍ഷങ്ങളായി ചിത്രത്തിന്റെ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിരുന്ന 35 എംഎം പ്രിന്റ് ആണ് സിനിമയുടെ 4K പുനഃസൃഷ്ടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ എസ് കുമാര്‍, സംവിധായകന്‍ സിബി മലയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഹൈ-റെസല്യൂഷന്‍ സ്‌കാനിംഗ്, ഡിജിറ്റല്‍ ഇമേജ് പുനഃസൃഷ്ടി, കളര്‍ ഗ്രേഡിംഗ് എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കിയത്. ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനത്തോടെ ചിത്രം റീമാസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോണി അസ്സനാര്‍ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയി പ്രവര്‍ത്തിച്ച ഈ ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പ് പ്രസാദ് കോര്‍പ്പറേഷനും ഹൈ സ്റ്റുഡിയോസും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.

നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ - നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പുനഃസൃഷ്ടിച്ചത്. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് എന്‍എഫ്ഡിസി അവതരിപ്പിക്കുന്ന ചിത്രം ഹൈസിന്‍ ഗ്ലോബല്‍ വെഞ്ച്വേഴ്സ് ആണ് വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതില്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ - നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ എന്നിവക്കുള്ള പ്രതിബദ്ധതയാണ് ഈ പുനഃസൃഷ്ടിയിലൂടെ പ്രതിഫലിക്കുന്നത്. ചിത്രത്തിന്റെ ഒരു റിലീസ് പ്രിന്റ് പതിറ്റാണ്ടുകളായി സുരക്ഷിതമായി സംരക്ഷിച്ചു പോന്നതുകൊണ്ടാണ് ഈ സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്ന് എന്‍എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പ്രകാശ് മഗ്ദൂം പറഞ്ഞു.

പുനഃസൃഷ്ടിച്ച ചിത്രത്തിന്റെ ലോക പ്രീമിയര്‍ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് നടന്നിരുന്നു. പ്രേക്ഷകരില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

The Malayalam classic Kireedam is returning to theatres in India and overseas on July 10, 2026, in a meticulously restored 4K version with Dolby Atmos sound. The restoration was undertaken jointly by the National Film Development Corporation (NFDC) and the National Film Archive of India (NFAI). Presented by NFDC in association with Seven Arts International Limited and distributed by Highsyn Global Ventures, the restoration highlights the importance of preserving India's cinematic heritage. Since the film's original camera negative had deteriorated beyond use, the restoration was based on a 35mm release print that had been carefully preserved by the National Film Archive of India for over three decades.