2023 ജൂണിലായിരുന്നു മലയാള സിനിമാ–ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന കൊല്ലം സുധിയുടെ വിയോഗം. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ചുറ്റിപ്പറ്റി വിവിധ തരത്തിലുള്ള ചർച്ചകളും വിവാദങ്ങളും ഉയർന്നിരുന്നു. വിവാദങ്ങള്‍ പിന്നീട് സൈബറാക്രമണങ്ങളിലേക്ക് വഴിവെച്ചു. ഇപ്പോഴിതാ സുധിയുടെ മകൻ കിച്ചു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ്. കിച്ചുവിന്‍റെ യൂട്യൂബ് ലൈവിലൂടെയായിരുന്നു വിശദീകരണം.
വിവാദങ്ങൾ സൃഷ്ടിക്കാൻ തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും, താൻ പറയുന്ന കാര്യങ്ങൾ ചിലർ ഭാഗികമായി മുറിച്ചെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും കിച്ചു പറഞ്ഞു. നല്ല കാര്യങ്ങൾ മാത്രമാണ് താൻ പറയുന്നതെന്നും, മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുന്നില്ലെന്നും കിച്ചു വ്യക്തമാക്കി. താൻ സ്വന്തം ജീവിതവുമായി മുന്നോട്ടുപോകുകയാണെന്നും, രേണുവിന് അവരുടേതായ ഇഷ്ടങ്ങളും തീരുമാനങ്ങളുമുണ്ടെന്നും, അതിൽ ഇടപെടേണ്ട ആവശ്യം തനിക്കില്ലെന്നും കിച്ചു പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി താൻ പറഞ്ഞ വാക്കുകൾ മറ്റൊരു അർത്ഥത്തിലേക്ക് മാറ്റുന്ന പ്രവണത തുടരുകയാണെന്നും, വീഡിയോകൾ മുറിച്ചിടുമ്പോൾ പൂർണതയോടെ നൽകണമെന്നും കിച്ചു ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി എല്ലാവരും തങ്ങളുടെ വഴിക്ക് മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമായിരുന്നു കിച്ചു അഭ്യർത്ഥിച്ചു.
സുധിയുടെ വിയോഗത്തിനു ശേഷം ഭാര്യ രേണുവും രണ്ട് മക്കളും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് രേണു അഭിനയ രംഗത്തേക്ക് കടന്നത്. ഇതോടെയാണ് കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമർശനങ്ങളും ശക്തമായി. മിക്കതും രേണുവിനെതിരായ സദാചാര ആക്രമണങ്ങളായിരുന്നു. കിച്ചുവിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വരെ ഇതിനിടെ നടന്നു. എന്നാൽ അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, രണ്ടാനമ്മയെപ്പോലെ അല്ല രേണു തന്നെ പരിഗണിച്ചതെന്ന് കിച്ചു നേരത്തെ വ്യക്തമാക്കിയിരുന്നു.
English Summary: Kichu, son of late actor Kollam Sudhi, clarifies family-related controversies through a YouTube live.