Entertainment News

'ആ ഭാഗ്യം വീണ്ടും വരുന്നത് വലിയ അനുഗ്രഹം'; മമ്മൂട്ടി-ലാൽ ദ്വന്ദ്വത്തിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെയുള്ള സിനിമാ യാത്ര; മറക്കാനാവാത്ത അനുഭവങ്ങളും ജീവിത പാഠങ്ങളുമെന്നു ചാക്കോച്ചൻ

Entertainment Desk

മമ്മൂട്ടി, മോഹൻലാൽ എന്ന രണ്ട് മഹാപ്രതിഭകളോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത അനുഭവവും പാഠവുമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മുൻപോട്ടുള്ള അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപാട് ഓർമകളും പാഠങ്ങളും അനുഭവങ്ങളും തരുന്നതായിരുന്നു അവയെന്നും നടൻ പറഞ്ഞു. മോഹൻലാൽ-മമ്മൂട്ടി ചിത്രം 'പേട്രിയറ്റി'ന്റെ പ്രസ് മീറ്റിലായിരുന്നു ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ:

''ക്യാമറ ഓൺ ആകുമ്പോൾ കഥാപത്രങ്ങളായി മാറുന്നു എന്നതിനപ്പുറം രണ്ട് മഹാ പ്രതിഭകളുടെ കൂടെ, അവരോടൊപ്പം ഒരു സിനിമാ യാത്ര എന്നത് മലയാളത്തിലെ എന്നല്ല ഏത് ഭാഷയിലെ അഭിനേതാവും കൊതിക്കുന്ന കാര്യമാണ്. ആ ഭാഗ്യം വീണ്ടും വരുന്നത് വലിയ അനുഗ്രഹമായിട്ടാണ് ഞാൻ കരുതുന്നത്. മമ്മൂക്കയോടും ലാലേട്ടനോടുമൊപ്പമുള്ള ഒരുമിച്ചുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും, പാഠങ്ങളുമാണ്. അതെല്ലാം തീർച്ചയായും മുൻപോട്ടുള്ള നെറ്റ് അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപാട് ഓർമകളും പാഠങ്ങളും അനുഭവങ്ങളും തരുന്നതായിരുന്നു. ഒരു വ്യക്തി- അഭിനേതാവ് എന്ന നിലകളിൽ ഞാനത് നൂറ്റിപ്പത്ത് ശതമാനവും ആസ്വദിക്കുകയും ചെയ്തു.''

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English Summary: Kunchacko Boban described working again with legends Mammootty and Mohanlal as an unforgettable experience filled with valuable lessons. He shared his excitement during the press meet of the film Patriot, marking their reunion after 19 years.