Entertainment News

റോളെക്സിൽ തുടങ്ങുന്ന എൽസിയു? ഫ്രാഞ്ചൈസിയുടെ ആദ്യ പ്ലാൻ വെളിപ്പെടുത്തി സഹരചയിതാവ് രത്ന കുമാർ

സൂര്യയുടെ റോളെക്സ് കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു ആദ്യത്തെ എൽസിയു

Entertainment Desk

ഇന്ത്യൻ സിനിമയിൽ തന്നെ വലിയ പ്രേക്ഷക പിന്തുണ നേടിയ സിനിമാറ്റിക് യൂണിവേഴ്‌സ് ആയിരുന്നു ലോകേഷ് കനഗരാജ് രൂപം നൽകിയ ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സ് (LCU). കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങളിലൂടെ വികസിച്ച തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ എൽസിയുവിന്റെ അടുത്ത ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, ഇപ്പോഴുള്ളതല്ല തുടക്കകാലത്തെ എൽസിയുവിന്റെ കഥാഗതിയെന്ന് വെളിപ്പെടുത്തുകയാണ് ഈ ഫ്രാഞ്ചൈസിയുടെ സഹരചയിതാവും സംവിധായകനുമായ രത്ന കുമാർ. ലിറ്റിൽ ടോക്സിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

രത്നകുമാറിന്റെ വാക്കുകൾ:

ആദ്യഘട്ടത്തിൽ എൽസിയുവിന്റെ കഥ റോളക്സ് എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി തുടങ്ങാനായിരുന്നു പദ്ധതി. സൂര്യ അവതരിപ്പിച്ച ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി രണ്ട് വ്യത്യസ്ത ടൈംലൈനിൽ കൈതിയും വിക്രമും തമ്മിൽ ബന്ധിപ്പിക്കുന്നതായി കഥ അവതരിപ്പിക്കാനായിരുന്നു ലക്ഷ്യം. ഒരേ പ്രതിനായകനിലൂടെ രണ്ട് കഥകളും ഒന്നിച്ച് എത്തിച്ചേരുകയും അതുവഴി ഒരു വലിയ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കുകയുമായിരുന്നു ആദ്യത്തെ ലക്ഷ്യം. കൂടാതെ ലോകേഷ് കനഗരാജ് ആദ്യം കമൽ ഹാസനുമായി സംസാരിച്ച കഥയും ഇതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ആ സമയത്ത് കമൽ ഹാസൻ ‘വിക്ര'ത്തിന് പ്രീക്വൽ, സീക്വൽ എന്നീ ആശയങ്ങൾ മുന്നോട്ടു വെച്ചതോടെ, അതിൽ ആകർഷിതനായ ലോകേഷ് കൂടുതൽ സമയം എടുത്ത് കഥ വികസിപ്പിക്കുകയും, പിന്നീട് ‘വിക്രം’ എന്ന സിനിമ രൂപം കൊള്ളുകയും ചെയ്യുകയായിരുന്നു.

കാർത്തി നായകനായ കൈതിയിലൂടെയായിരുന്നു എൽസിയുവിന്റെ തുടക്കം. പിന്നീട് കാർത്തി, കമൽ ഹാസൻ, വിജയ് എന്നിവർ അഭിനയിച്ച ചിത്രങ്ങളിലൂടെ ഇത് കൂടുതൽ വിപുലമായി മാറുകയായിരുന്നു. നിലവിൽ യൂണിവേഴ്സ് കൂടുതൽ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലാണ് ലോകേഷ്. കൈതി 2, രാഘവ ലൗറെൻസ് നായകനാവുന്ന ബെൻസ് , കൂടാതെ വിക്രം 2, ലിയോ 2, റോളെക്സ് കേന്ദ്രമാകുന്ന സ്പിൻ-ഓഫ് എന്നിവയും പരിഗണനയിലാണ്.

English Summary: Rathna Kumar revealed that the original plan for Lokesh Kanagaraj’s Cinematic Universe (LCU) was to begin with Suriya’s Rolex character, connecting Kaithi and Vikram timelines, before evolving into its current form.