Entertainment News

'അവള്‍ റണ്‍ബീറിനെക്കാളും ആലിയയെക്കാളും ഉയരത്തിലെത്തും'; കൊച്ചുമകള്‍ റാഹയെക്കുറിച്ച് മഹേഷ് ഭട്ട്

റാഹ ഇപ്പോഴും തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ ആരാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അവള്‍ ചിന്തിക്കുന്നുണ്ടാകാമെന്നും മഹേഷ് ഭട്ട് പറഞ്ഞു

Entertainment Desk

തന്റെ കൊച്ചുമകള്‍ റാഹ കപൂര്‍ കുടുംബത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ മഹേഷ് ഭട്ട്. റാഹ കൂടെയുള്ളപ്പോഴെല്ലാം വീടിന്റെ അന്തരീക്ഷം ആകെ മാറുമെന്നും എല്ലാവരെയും ആകര്‍ഷിക്കുന്ന പ്രത്യേകതയുള്ള കുട്ടിയാണ് അവളെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ തന്റെ മാതാപിതാക്കളായ റണ്‍ബീര്‍ കപൂറിനെക്കാളും ആലിയയെക്കാളും ബഹുദൂരം മുന്നിലെത്താന്‍ റാഹയ്ക്ക് സാധിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'റണ്‍ബീറിനെക്കാളും ആലിയയെക്കാളും ഉയരത്തില്‍ അവള്‍ എത്തും. റാഹ വേറിട്ടൊരു കുട്ടിയാണ്. അവള്‍ വരുമ്പോള്‍ വീട് മുഴുവന്‍ അവളുടെ എനര്‍ജിക്ക് മുന്നില്‍ കീഴടങ്ങും. ആ കുറച്ചു മണിക്കൂറുകളില്‍ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രം അവളായിരിക്കും', മഹേഷ് ഭട്ട് പറഞ്ഞു. കൊച്ചുമകള്‍ക്കൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, 'അടുത്തിടെ അവള്‍ പഠിക്കുന്ന സ്‌കൂളിലെ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേയ്ക്ക് നീതുവിനൊപ്പം ഞാന്‍ പോയിരുന്നു. സോണി ആ സമയത്ത് ഇസ്താംബൂളിലായിരുന്നു. റാഹയുടെ ഒരു കൈ ഞാനും മറുകൈ നീതുവും പിടിച്ച് നടന്നു. അതൊരു മനോഹര നിമിഷമായിരുന്നു. പൂജ ചെറുതായിരുന്നപ്പോള്‍ അവളോടൊപ്പം നടന്ന ഓര്‍മ്മകളാണ് ആ നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ചത്. പെട്ടെന്ന് കാലം പിറകോട്ട് സഞ്ചരിച്ചതുപോലെ തോന്നി. പൂജയുടെ കൂടുതല്‍ പ്രസരിപ്പുള്ള ഒരു രൂപമാണ് അവള്‍'.

റാഹ ഇപ്പോഴും തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ ആരാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അവള്‍ ചിന്തിക്കുന്നുണ്ടാകാമെന്നും മഹേഷ് ഭട്ട് പറഞ്ഞു. 'അവളോട് ഒരു കഥയെങ്കിലും പറയാന്‍ എനിക്ക് സാധിക്കാറുണ്ട്. ഏതെങ്കിലും മൃഗങ്ങളുടെ പേര് ഞാന്‍ തെറ്റായി പറയുമ്പോള്‍ എന്നെ തിരുത്തുന്നത് അവള്‍ ആസ്വദിക്കുന്നുണ്ട്. സോണി അവളെ വളരെ കരുതലോടുകൂടിയാണ് നോക്കുന്നത്. ഏറ്റവും നല്ലൊരു അമ്മൂമ്മയെയും മുത്തശ്ശിയെയുമാണ് അവള്‍ക്ക് ലഭിച്ചിരിക്കുന്നത്', മഹേഷ് ഭട്ട് പറഞ്ഞു.

സിനിമാത്തിരക്കുകള്‍ക്കിടയിലും മകളെ വളര്‍ത്തുന്നതില്‍ സജീവമായി പങ്കാളിയാകുന്ന മരുമകനും നടനുമായ റണ്‍ബീര്‍ കപൂറിനെ മഹേഷ് ഭട്ട് പ്രത്യേകം പ്രശംസിച്ചു. 'ഒരു അച്ഛന്‍ എന്ന നിലയില്‍ അവന്‍ നിര്‍വ്വഹിക്കുന്ന മികച്ച പങ്ക് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. രണ്ടുപേരും ഇന്‍ഡസ്ട്രിയിലെ വലിയ താരങ്ങളാണ്. ജോലിത്തിരക്കുള്ള അഭിനേതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കാറില്ല എന്ന പണ്ടത്തെ ധാരണകള്‍ തെറ്റാണെന്ന് ഇവരുടെ ജീവിതം തെളിയിക്കുന്നു. ഇന്ന് ആശയവിനിമയം കൂടുതല്‍ എളുപ്പമാണ്. വീടുകളില്‍ സിസിടിവി ക്യാമറകള്‍ ഉള്ളതുകൊണ്ട് വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് എപ്പോഴും കാണാന്‍ സാധിക്കും', അദ്ദേഹം കൂട്ടിച്ചെര്‍ത്തു. 2022 നവംബറിലാണ് ആലിയ ഭട്ടിനും റണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്.

Filmmaker Mahesh Bhatt has spoken about the special place his granddaughter Raha Kapoor holds in the Kapoor family. He said Raha transforms the atmosphere of the house whenever she visits and has a unique energy that draws everyone’s attention. Bhatt also expressed confidence that Raha could one day rise far beyond the achievements of her parents, Ranbir Kapoor and Alia Bhatt. He recalled attending her school’s Grandparents’ Day with Neetu Kapoor and praised Ranbir for being an actively involved father despite his busy film career.