മലയാള സിനിമ മേഖലയെ വ്യത്യസ്തമാക്കുന്നത് ലളിതമായ പ്രവര്‍ത്തനരീതിയാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഉയര്‍ന്ന ബജറ്റില്‍ വമ്പന്‍ ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മിക്കുമ്പോഴും ഈ രീതിക്ക് മാറ്റമുണ്ടായിട്ടില്ലെന്നും ബോളിവുഡിന് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അനാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന രീതിയാണ് മലയാള സിനിമയുടെ വ്യക്തിത്വമെന്നും പൃഥ്വിരാജ് പറഞ്ഞു. മുംബൈയില്‍ നടന്ന 'ദ ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സ്പ്രസോ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമകള്‍ ഇപ്പോഴും കുറഞ്ഞ ബജറ്റില്‍ പെട്ടെന്ന് ചിത്രീകരിക്കാന്‍ കഴിയുന്നവയാണെന്ന ധാരണ തെറ്റാണെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. '100 കോടി ബജറ്റില്‍ 150 ദിവസത്തോളം നീളുന്ന വമ്പന്‍ ചിത്രങ്ങള്‍ ഇന്ന് മലയാളത്തിലും നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍ എത്ര വലിയ ബജറ്റ് ചിത്രങ്ങളായാലും മലയാള സിനിമ അതിന്റെ നിര്‍മ്മാണത്തിലെ ലാളിത്യം കൈവിട്ടിട്ടില്ല', മലയാള സിനിമയില്‍ നിന്ന് ബോളിവുഡിന് എന്താണ് ഉള്‍ക്കൊള്ളാന്‍ കഴിയുക എന്ന ചോദ്യത്തിനുള്ള മറുപടിയായി പൃഥ്വിരാജ് പറഞ്ഞു.
ഇതിന് ഉദാഹരണമായി മലയാള സിനിമയിലെയും ബോളിവുഡിലെയും കാസ്റ്റിങ് രീതികളെ പൃഥ്വിരാജ് താരതമ്യം ചെയ്തു. 'എനിക്ക് കരീനയോടൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടെങ്കില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അവരെ നേരിട്ട് വിളിച്ച് 'എനിക്ക് താങ്കളോടൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്, കഥ പറയാന്‍ സമയമുണ്ടോ' എന്ന് ചോദിക്കാം. 'ഞാന്‍ അടുത്ത മാസംശു യാത്രയിലാണ്, നമുക്ക് മറ്റൊരു ദിവസം കാണാം' എന്ന് അവര്‍ക്കും പറയാം', പൃഥ്വിരാജ് പറഞ്ഞു.
എന്നാല്‍ ബോളിവുഡില്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രക്രിയയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇവിടെ ആദ്യം ടാലന്റ് ഏജന്‍സിയെ വിളിക്കണം. ഏജന്‍സി നടന്റെ അല്ലെങ്കില്‍ നടിയുടെ മാനേജരോട് സംസാരിക്കും. സംവിധായകരെ കാണാന്‍ മാനേജര്‍ താരത്തെ ബോധ്യപ്പെടുത്തണം. നടനും സംവിധായകനും സിനിമ ചെയ്യാന്‍ സമ്മതിച്ച ശേഷമാണ് പ്രൊഡക്ഷന്‍ ഹൗസും ഏജന്‍സിയും ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഏജന്‍സി ഒരു പ്രതിഫലം ആവശ്യപ്പെടുന്നു, പ്രൊഡക്ഷന്‍ അതിന്റെ പകുതി ഓഫര്‍ ചെയ്യുന്നു, അങ്ങനെ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നു', പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡ് രീതികള്‍ പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് സ്വഭാവമുള്ളതാണെന്നും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്‌റ' എന്ന പുതിയ ചിത്രത്തിലെ സഹതാരം കരീന കപൂറിനൊപ്പമാണ് പൃഥ്വിരാജ് പരിപാടിയില്‍ പങ്കെടുത്തത്. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 18-ന് ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തും. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേഘ്‌നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Actor-director Prithviraj Sukumaran says the Malayalam film industry’s simple and flexible way of working is one of its biggest strengths, even as the industry takes on big-budget productions. Speaking at The Indian Express Expresso event in Mumbai, Prithviraj said Malayalam cinema has retained its straightforward production culture despite films now being made with budgets of ₹100 crore and schedules lasting around 150 days.