സലിം കുമാറിന്റെ ജീവിതത്തിൽ അദ്ദേഹത്തെ ഏറെ ഭയപ്പെടുത്തിയ, എപ്പോഴും വേട്ടയാടിയ ഒരു പാട്ടിന്റെ ഓർമ്മകൾ അദ്ദേഹം മുൻപൊരു ചാനൽ പരിപാടിയിൽ പങ്കുവെച്ചിരുന്നു. 2003ൽ ദിലീപിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത 'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ 'എന്തേ ഇന്നും വന്നീല' എന്ന ഗാനരംഗമാണത്.
മുരളി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന സംഗീതജ്ഞന്റെയും പാട്ട് സേട്ടുവിന്റെയും ക്ലാരനെറ്റ് ലൂയിയുടെയും സൈഗാൾ യൂസഫിന്റെയും തബല ഭാസ്കരന്റെയുമൊക്കെ കഥ പറഞ്ഞ ചിത്രത്തിൽ തബലിസ്റ്റായാണ് സലിം കുമാർ എത്തിയത്. സംഗീതലോകത്ത് എല്ലാവരാലും കബളിപ്പിക്കപ്പെട്ട്, ജീവിതത്തിൽ എല്ലാം നഷ്ടമായിട്ടും പാട്ടിനെ സ്നേഹിച്ച ഒരു കൂട്ടം ആളുകളുടെ ജീവിതം പറയുന്ന ആ പാട്ടിൽ ഒപ്പം അഭിനയിച്ചവർ ഓരോരുത്തരായി വിടവാങ്ങിയത് അദ്ദേഹത്തിൽ ഉണ്ടാക്കിയ ശൂന്യത ചെറുതായിരുന്നില്ല.
ആ ശൂന്യത ഒരു വേട്ടയാടലായി മാറിയതിനെക്കുറിച്ച് സലിം കുമാർ പറഞ്ഞതിങ്ങനെയായിരുന്നു: "ഏറ്റവും കൂടുതൽ പേടിച്ച ഒരു പാട്ടാണത്. എന്റെ ഒരു ബന്ധു മരിച്ച ദിവസമായിരുന്നു. അന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. സമയം പോകുന്നില്ല, ടിവി ഓണാക്കി. അതിൽ അപ്പോൾ ഈ പാട്ട് മുഴങ്ങുകയാണ്. ആ പാട്ട് കണ്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. കാരണം, അതിൽ ഞാൻ മാത്രമേ ജീവനോടെയുള്ളൂ. ബാക്കി ആ സീനിൽ അഭിനയിച്ച ആരും ജീവിച്ചിരിപ്പില്ല.
മുരളി ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഗീഥ സലാം, മൂസിക്ക, ഞാൻ... അഞ്ച് പേരാണ് ആ പാട്ടിലുള്ളത്. ഒന്നു ആലോചിച്ചു നോക്കൂ, ഒരു രാത്രി ടിവിയിൽ ഞാൻ ആ പാട്ട് കാണുമ്പോൾ ഞാനും ആ ലോകത്തേക്ക് അടുത്ത ആളായിട്ട് ഇരിക്കുകയാണെന്ന ചിന്ത വല്ലാത്തൊരു ഫീലിങ് ആയിരുന്നു."
അതേ, ആ പാട്ടിൽ അവശേഷിച്ചിരുന്ന അവസാനത്തെ ആളും ഇപ്പോൾ ഓർമകളുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു.
English Summary: Salim Kumar had once shared on a television program the memories of a song that deeply frightened and haunted him throughout his life. It was the song "Enthe Innum Vanneela" from Gramophone (2003), directed by Kamal and starring Dileep. Today, the last surviving person who appeared in that song sequence has also passed into memory.