Entertainment News

'ഡോക്ടറാകാനായില്ലെങ്കിലും സിനിമയിലൂടെ പ്രേക്ഷകരെ ‘ട്രീറ്റ്’ ചെയ്തു'; ശ്രദ്ധനേടി ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച ശേഷമുള്ള മമ്മൂട്ടിയുടെ പ്രസംഗം

ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചു നൽകിയ അംഗീകാരം സ്വീകരിച്ച് മമ്മൂട്ടി

Entertainment Desk

എംജി സർവകലാശാല നൽകിയ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചശേഷം മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ശ്രദ്ധേയമാവുന്നു. പിതാവിന്റെ ആഗ്രഹം താനൊരു ഡോക്ടർ ആവണമെന്നായിരുന്നുവെന്നും അതിനു സാധിച്ചില്ലെങ്കിലും സിനിമയിലൂടെ തനിക്ക് പ്രേക്ഷകരെ ഒരുപാട് നേരെ 'ട്രീറ്റ്' ചെയ്യാൻ സാധിച്ചുവെന്നും പ്രേക്ഷകരെ ഇനിയും രസിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

''ഞാൻ ഡോക്ടറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് സാധിച്ചില്ലെങ്കിലും 45 വർഷമായി സിനിമയിലൂടെ പ്രേക്ഷകരെ 'ട്രീറ്റ്' ചെയ്യാൻ കഴിഞ്ഞു. എനിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റാണിത്. ശേഷിക്കുന്ന ജീവിതം മുഴുവൻ പ്രേക്ഷകരെ വിനോദിപ്പിക്കാനായിരിക്കും തന്റെ ശ്രമം,'' മമ്മൂട്ടി പറഞ്ഞു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചത്. കോട്ടയത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടി ബഹുമതി കൈമാറിയത്.

നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെടെ മറ്റു പ്രമുഖർക്കും ചടങ്ങിൽ ഓണററി ബിരുദങ്ങൾ സമ്മാനിച്ചു. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോൺ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: Mammootty received an honorary doctorate from Mahatma Gandhi University Kerala and reflected on his father’s dream of him becoming a doctor, saying he has been “treating” audiences through cinema for 45 years.