Entertainment News

'മമ്മുക്ക ഇന്‍ സ്ട്രീറ്റ് ഓഫ് ലണ്ടന്‍', ത്രില്ലടിച്ച് ആരാധിക ; സോഷ്യൽ മീഡിയയിൽ വിഡിയോ വൈറൽ!

ലണ്ടൻ തെരുവിൽ മെഗാസ്റ്റാറിനെ അപ്രതീക്ഷിതമായി കണ്ട് അമ്പരന്ന് മലയാളി യുവതി. സ്നേഹത്തോടെ ചേർത്തുപിടിച്ച് മമ്മൂട്ടി

Kousalya Murugan

ലണ്ടൻ തെരുവുകളെ സാക്ഷിയാക്കി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ലണ്ടനിൽ എത്തിയ മമ്മൂട്ടിയെ, യാദൃച്ഛികമായി ലണ്ടൻ തെരുവിലൂടെ മലയാളി യുവതിയായ ഡോ. അജിത മോഹൻ കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ റോഡിലൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ പ്രിയതാരം മുന്നിലൂടെ നടന്നുപോകുന്നത് കണ്ട അജിത, മറ്റൊന്നും ആലോചിക്കാതെ വണ്ടി റോഡരികിൽ നിർത്തിയിട്ട് താരത്തിന് അരികിലേക്ക് ഓടിയെത്തുകയായിരുന്നു.

"ജീവിതത്തിൽ ആദ്യമായി ലണ്ടൻ റോഡിൽ കാർ നിർത്തിയിട്ട് ഓടി, കാരണം മുന്നിൽ മമ്മൂക്ക ഉണ്ടായിരുന്നു!" എന്ന അടിക്കുറിപ്പോടെയാണ് അജിത ഈ അപൂർവ നിമിഷത്തിന്റെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പെട്ടെന്ന് മുന്നിൽ മമ്മൂട്ടിയെ കണ്ടപ്പോൾ ഒരു നിമിഷം സമയം നിന്നുപോയതുപോലെ തോന്നിയെന്നും, ഒരു കടുത്ത 'ഫാൻ ഗേൾ' ആയി മാറിയ ആ നിമിഷത്തിൽ നിന്നും താൻ ഇപ്പോഴും മോചിതയായിട്ടില്ലെന്നും അജിത കുറിച്ചു. ഈ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ തന്റെ സുഹൃത്ത് നസീറിന് അവർ പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

തന്നെ കാണാൻ ആവേശത്തോടെ ഓടിയെത്തിയ ആരാധകയോട് വളരെ ലളിതമായും പുഞ്ചിരിയോടെയുമാണ് മമ്മുക്ക സംസാരിച്ചത്. അജിതയ്ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യാനും താരം മടി കാണിച്ചില്ല. മമ്മൂട്ടിയുടെ ഈ വിനയപൂർവ്വമായ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വലിയ കൈയടി നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോയ്ക്ക് താഴെ, "സ്ഥലം ലണ്ടൻ ആണെങ്കിലും മുന്നിൽ മമ്മൂക്കയാണെങ്കിൽ ഏത് മലയാളിയാണ് വണ്ടി നിർത്താത്തത്" എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

A heartwarming video of Mammootty meeting a devoted fan on the streets of London has gone viral on social media. The fan, Dr. Ajitha Mohan, stopped her car after spotting the Malayalam superstar and shared the memorable encounter online, drawing praise for Mammootty's warm and humble interaction.