Entertainment News

'ഇഞ്ചി വെല്ലം' വരുന്നു; മണിരത്നം ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും, ഫസ്റ്റ് ലുക്ക് പുറത്ത്

തഗ് ലൈഫിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ പ്രണയചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു

Entertainment Desk

മണിരത്നത്തിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് 'ഇഞ്ചി വെല്ലം' എന്നാണ് പേരിട്ടിരിക്കുന്നത്. നിർമ്മാതാക്കളായ മദ്രാസ് ടാക്കീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചത്.

ഒരു പ്രണയകഥയായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഉള്ള വിവരങ്ങൾ അണിയറപ്രവർത്തകർ തൽക്കാലം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അതേസമയം, കൊൽക്കത്തയായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണ കേന്ദ്രം എന്നാണ് പുറത്തുവരുന്ന വിവരം. മണിരത്നത്തിന്റെ സ്ഥിരം സഹപ്രവർത്തകനായ എ.ആർ. റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. അവിക് മുഖോപാധ്യായ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സ്രീകർ പ്രസാദാണ്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം സുഭാസ്കരൻ, മണിരത്നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം 2027 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.

കമൽ ഹാസൻ നായകനായ 'തഗ് ലൈഫ്' ആയിരുന്നു മണിരത്നത്തിന്റെ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. എന്നാൽ വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയമോ ബോക്സ് ഓഫീസ് ചലനങ്ങളോ ഉണ്ടാക്കിയിരുന്നില്ല. അതിനുശേഷമാണ് പുതിയ പ്രണയചിത്രവുമായി അദ്ദേഹം എത്തുന്നത്. നായകനായ വിജയ് സേതുപതിക്ക് കൈനിറയെ പ്രോജക്റ്റുകളാണ് വരാനിരിക്കുന്നത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ് ലം ഡോഗ്, ബാലാജി തരണിധരന്റെ പുതിയ ചിത്രം, ത്യാഗരാജൻ കുമാരരാജയുടെ പോക്കറ്റ് നോവൽ, രാജ് & ഡി.കെ ഒരുക്കുന്ന ഫാർസി 2 എന്നിവ അദ്ദേഹത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്. കൂടാതെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴിന്റെ നിലവിലെ സീസൺ അവതാരകനും വിജയ് സേതുപതിയാണ്. മറുവശത്ത് സായ് പല്ലവിയും ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തുന്ന രാമായണം ആണ് സായ് പല്ലവിയുടേതായി വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രം. ധനുഷ്, മമ്മൂട്ടി, ശ്രീലീല എന്നിവർക്കൊപ്പം അഭിനയിക്കുന്ന ഒ.എം: ചാപ്റ്റർ 1 എന്ന ചിത്രവും അവരുടെ ലൈനപ്പിലുണ്ട്.

Mani Ratnam has revealed the title and first look of his upcoming romantic film starring Vijay Sethupathi and Sai Pallavi. Titled Inji Vellam, the film features music by A.R. Rahman and is scheduled to release in January 2027