Entertainment News

മോഹൻലാൽ- ദിലീഷ് ചിത്രത്തിൽ ആസിഫ് അലിയും; റിപ്പോർട്ട്

ഹൊറർ ഴോണറിലാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ട്വിറ്റർ ട്രാക്കർമാർ വഴി നേരത്തെ പുറത്തുവന്നിരുന്നു

Entertainment Desk

വ്യത്യസ്തമായ കഥാവതരണ ശൈലിയിലൂടെ മലയാളി സിനിമാ ആസ്വാദകരുടെ മനസിൽ ഇടംപിടിച്ച നടനും സംവിധായകനുമാണ് ദിലീഷ് പോത്തൻ. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ അമരക്കാരൻ കൂടിയാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി സമീപകാലത്ത് മലയാളം കണ്ട പല വ്യത്യസ്‍ത പ്രമേയ ചിത്രങ്ങളും ദിലീഷിന്റെ സൃഷ്ടികളായിരുന്നു. ഇത്തരത്തിൽ മികച്ച നിരൂപക പ്രശംസകളടക്കം നേടിയ സംവിധായകൻ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവുന്നത് മോഹൻലാൽ ആണെന്ന വാർത്തയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കാത്തിരിപ്പിനൊടുവിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തുവരുകയാണ്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട താരമായ ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ അപ്ഡേറ്റ്. 2027ൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രണ്ട് പ്രൊഡക്ഷൻ കമ്പനികൾ ചേർന്നാണെന്നും റിപ്പോർട്ടുകളുണ്ട്. ഹൊറർ ഴോണറിലാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ട്വിറ്റർ ട്രാക്കർമാർ വഴി നേരത്തെ പുറത്തുവന്നിരുന്നു.

മോഹൻലാലിന്റെ തിരിച്ചു വരവെന്ന തരത്തിൽ പ്രേക്ഷകർ ആഘോഷിച്ച 'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന 'L 366' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ. 'L366' എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ടി എസ് ലവ്‌ലജൻ എന്ന പൊലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ക്‌ളീൻ ഷേവ് ചെയ്ത് മീശപിരിച്ചെത്തിയ മോഹൻലാൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'L366'നുണ്ട്.

English Summary: Reports suggest Asif Ali may join the upcoming Mohanlal–Dileesh Pothan film, generating excitement among fans. The project is rumored to be a horror-based film and is expected to begin production in 2027.