Entertainment News

കണക്കുകളെച്ചൊല്ലി വന്‍ തര്‍ക്കം, സമയം ആവശ്യപ്പെട്ട് ശ്വേത; 'അമ്മ'യെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, ജനറല്‍ ബോഡിയില്‍ വൈകാരികമായി മോഹന്‍ലാല്‍

കണക്കുകളില്‍ പിഴവുകളുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

Entertainment Desk

മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വൈകാരികമായി സംസാരിച്ച് നടനും മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍. വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലാണ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തത്. അതേസമയം, വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കമാണ് യോഗത്തില്‍ നടന്നത്.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളില്‍ പിഴവുകളുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം വന്‍ തര്‍ക്കത്തിലേയ്ക്ക് പോയി. തുടര്‍ന്ന് വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെടുകയും ചെയ്തു.

അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ സംഘടനയുടെ മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ സംസാരിച്ചത്. വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എക്സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചു.

അമ്മ ഭരണസമിതിക്ക് മുന്നില്‍ ചില ചോദ്യങ്ങളും ഇവര്‍ വെയ്ക്കുന്നുണ്ട്. എല്ലാ വര്‍ഷവും നടത്താറുള്ള 'മനോരമ ഷോ' എന്തുകൊണ്ട് ഇക്കാലയളവില്‍ നടന്നില്ല?, ഐഎഫ്എഫ്‌കെയില്‍ മദ്യം നല്‍കി പാര്‍ട്ടി നടത്താന്‍ ആരാണ് അനുമതി കൊടുത്തത്?, എല്ലാവര്‍ഷവും സൗജന്യമായി ലഭിച്ചിരുന്ന ഗോകുലം കണ്‍വെന്‍ഷന്‍ സെന്റര്‍ മാറ്റി, നാലരലക്ഷം കൊടുത്ത് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ വെച്ച് ജനറല്‍ ബോഡി നടത്താന്‍ എന്താണ് കാരണം? അമ്മയുടെ ജനറല്‍ ബോഡി കഴിഞ്ഞാല്‍ 21 ദിവസത്തിനകം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും കണക്കുകളും തിരുവനന്തപുരം ഡിസ്ട്രിക്ട് രജിസ്ട്രാറുടെ ഓഫീസില്‍ സമര്‍പ്പിച്ച് രജിസ്ട്രാറുടെ അപ്രൂവര്‍ വാങ്ങണം എന്ന ചട്ടം പാലിച്ചിട്ടുണ്ടോ? ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും ജനറല്‍ ബോഡിക്ക് ദിവസങ്ങള്‍ക്കുമുമ്പേ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. നാളിതുവരെ അത് അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്താണ് കാരണം എന്നീ ചോദ്യങ്ങളാണ് അമ്മയ്ക്ക് മുന്നില്‍ വെയ്ക്കുന്നത്.

നേരത്തെ ജനറല്‍ ബോഡി നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുമായിരുന്നു. എന്നാല്‍ ഇക്കുറി അത് ഉണ്ടാവാതിരുന്നത് അംഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വരവ് ചെലവ് കണക്കുകള്‍ ലഭ്യമാക്കാത്തതില്‍ അംഗങ്ങള്‍ക്കിടെ അമര്‍ഷമുണ്ട്. സംഭവിച്ച തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നേതൃത്വം ഒഴിയണമെന്നാണ് അവിശ്വാസം കൊണ്ടുവന്നവര്‍ ആവശ്യപ്പെടുന്നത്.

The General Body meeting of AMMA, the association of Malayalam film artists, witnessed emotional remarks from actor and former president Mohanlal, who asserted that no personal differences could destroy the organization. However, the meeting was marked by intense disputes over the annual report and financial statements.